kanthapuram

ദുബായ്: രാജ്യത്തെ വിദ്യാഭ്യാസ വിനിമയത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മികച്ച സംഭാവന നൽകിയതിനും യു.എ.ഇയുടെ ആദരമേറ്റുവാങ്ങി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. യുഎഇയുമായി ജാമിഅ: മർകസിനുള‌ള അന്താരാഷ്‌ട്ര ബന്ധത്തിനും കൂടിയാണ് ജാമിഅ: മർകസ് ചാൻസിലറും ഇന്ത്യൻ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എ.പി അബൂബക്ക‌ർ മുസലിയാർക്ക് ഗോൾഡൻ വിസ നൽകി യു.എ.ഇ ആദരിച്ചത്. ഇന്ത്യയിൽ നിന്ന് ആദ്യ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ വിസ ലഭിക്കുന്നയാളായി ഇതോടെ കാന്തപുരം.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യു.എ.ഇ ഭരണകൂടം നൽകുന്നതാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗോൾഡൻ വിസ കാന്തപുരം ഏറ്റുവാങ്ങി. തനിക്ക് നൽകിയ അംഗീകാരത്തിന് യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റ് ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് കാന്തപുരം നന്ദി അറിയിച്ചു.