ലാഹോർ: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ രൂപീകരണ ചർച്ചയിൽ മദ്ധ്യവർത്തിയായി തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ തലവനെ തന്നെ അയച്ച് തങ്ങളുടെ നിലപാട് അറിയിച്ചതാണ് മുൻപ് പാകിസ്ഥാൻ. താലിബാൻ സർക്കാരിൽ തങ്ങളുടെ പിടിപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാനുമായി നല്ല ബന്ധമുളള ഐഎസ്ഐ തലവൻ ജനറൽ ഫായീസ് ഹമീദിനെ പെഷവാർ കോർപ്‌സ് കമാന്ററായി മാറ്റി നിയമിച്ചു. ലെഫ്.ജനറൽ നദീം അഹ്‌മെദ് അഞ്ജുമാണ് പുതിയ ഐഎസ്‌ഐ തലവൻ.
ഇമ്രാൻഖാന്റെ വിശ്വസ്‌തനായി അറിയപ്പെടുന്ന നദീമിന് വിരമിച്ച ശേഷവും ഇമ്രാൻ കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ബലൂചിസ്ഥാനിലെ പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ജോലി നോക്കിയിട്ടുളളയാളാണ് നദീം അഹ്‌മെദ് അഞ്ജും.
ഐഎസ്‌ഐയിൽ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവിയായിരുന്ന ഫായീസ് ഹമീദിനെ 2019 ജൂണിലാണ് ഇമ്രാൻ ഖാൻ തലവനാക്കിയത്. അഫ്ഗാനിൽ താലിബാൻ ഭരണത്തിലെത്തുന്നതിന് നിർണായക ചരടുവലികൾ നടത്തിയ ഫായീസ് ഇതോടെ കൂടുതൽ പ്രാധാന്യമുളള പദവിയിലേക്കാണ് ഇപ്പോൾ മാറിയത്. അഫ്ഗാനിലെ വരുംനാളുകളിലെ രാഷ്‌ട്രീയ സംഭവ വികാസങ്ങൾക്ക് നിർണായക സ്വാധീനം ചെലുത്താനാണ് ഇരു സേനാ ഉദ്യോഗസ്ഥരെയും പാകിസ്ഥാൻ സർക്കാർ നിയമിച്ചത്.