lakhimpur

ലക്‌നൗ: യുപിയിലെ ലഖിംപൂർ ഖേരിയിൽ അപകടത്തിൽ മരിച്ച നാല് കർഷകരുടെയും കുടുംബങ്ങളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയ്‌ക്കും പ്രിയങ്ക ഗാന്ധിക്കും ഒടുവിൽ അനുമതി ലഭിച്ചു. ലഖിംപൂരിലെത്തി കർഷക കുടുംബാംഗങ്ങളെ കണ്ട അവർ ബന്ധുക്കളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

മൂന്ന് ദിവസം മുൻപ് ഇവരെ സന്ദർശിക്കാൻ ശ്രമിക്കവെയാണ പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ഇന്ന് പ്രിയങ്കയെ വിട്ടയച്ചു. 12.30ഓടെ ലഖീംപൂരിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള‌ള കോൺഗ്രസ് നേതാക്കളെ പൊലീസ് ലക്‌നൗ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. സ‌ർക്കാർ വാഹനത്തിലെ പോകാവൂ എന്ന് പൊലീസ് അറിയിച്ചു. എന്നാൽ തന്റെ വാഹനത്തിൽ തന്നെ യാത്ര ചെയ്യണം എന്ന് വാദിച്ച രാഹുലും പൊലീസും തമ്മിൽ തർക്കമുണ്ടായി. രാഹുലിന്റെ പ്രതിഷേധത്തിനൊടുവിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാനും ലഖിംപൂർ സന്ദർശിക്കാനും രാഹുലിനും 58 മണിക്കൂർ നീണ്ട തടവിനൊടുവിൽ പ്രിയങ്കയ്‌ക്കും അനുമതി കിട്ടി. നീതി നടപ്പാകും വരെ കർഷകർക്കൊപ്പമുണ്ടെന്ന് രാഹുൽ ഉറപ്പ് നൽകി.