bhramam

ഇതര ഇന്ത്യൻ ഭാഷകളിൽ നിന്ന് മലയാളം സിനിമയിലേക്ക് റീമേക്കുകൾ നന്നേ കുറവാണ്. അന്യഭാഷാ സിനിമകൾക്ക് കേരളത്തിലുള്ള ജനപ്രീതി ഒരു പക്ഷേ ഇതിന് കാരണമാകാം. പൃഥ്വിരാജും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭ്രമം ഹിന്ദിയിൽ ഏറെ പ്രേക്ഷകപ്രശംസയും പുരസ്കാരങ്ങളും നേടിയ അന്ധാദുൻ എന്ന ചിത്രത്തിന്റെ റീമേക്കാണ്. രവി കെ ചന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഒറിജിനൽ പതിപ്പ് ഒട്ടേറെ പേർ കണ്ടതാണെങ്കിലും മലയാളത്തിലേക്കെത്തുമ്പോൾ വന്നേക്കാവുന്ന മാറ്റങ്ങൾക്കും അഭിനേതാക്കളുടെ പ്രകടനത്തിനുമാണ് സിനിമാപ്രേമികൾ കാത്തിരുന്നത്.

bhramam

അന്ധനായ റേയ് എന്ന പിയാനിസ്റ്റ് ആണ് കഥാനായകൻ. തന്റെ പരിമിതിയെ മറികടന്ന് ജിവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അയാൾ. ഒരു കോൺവെന്റിന്റെ വീട്ടിലാണ് അയാളുടെ താമസം. സംഗീതത്തിലെ കഴിവ് കൊണ്ട് തനിക്കറിയുന്നവരെയൊക്കെ കൈയിലെടുക്കാൻ അയാൾക്ക് കഴിയുന്നു. അങ്ങനെ ഒരു ദിവസം ഒരപകടം വഴി റേയ് സിന്ത്യ എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. പെട്ടെന്ന് തന്നെ സിന്ത്യയ്ക്ക് അയാളോട് താത്പര്യം തോന്നുന്നു. സിന്ത്യയയുടെ അച്ഛൻ നടത്തുന്ന റെസ്റ്റോറന്റിൽ സംഗീതം അവതരിപ്പിക്കുവാൻ റേയ്‌ക്ക് അവസരം ലഭിക്കുന്നു. ഒന്ന് മറ്റൊന്നിന് വഴിവെക്കുന്നതു പോലെ റേ അവിടെ വച്ച് പഴയകാല സിനിമാനടനായ ഉദയകുമാറിനെ പരിചയപ്പെടുന്നു. ഉദയകുമാർ റേയെ തന്റെ വിവാഹ വാർഷികത്തിൽ ഭാര്യ സിമിക്ക് ഒരു സർപ്രൈസ് കൊടുക്കുന്നതിനായി ഫ്ലാറ്റിലേക്ക് ക്ഷണിക്കുന്നു.

bhramam

ഒരു അന്ധനായ സംഗീതഞ്ജൻ എന്നതിലപ്പുറത്തേക്ക് യാതൊരു പ്രത്യേകതകളുമില്ലാത്ത റേയുടെ ജീവിതം ഉദയകുമാറിന്റെ ഫ്ലാറ്റിൽ എത്തുന്നതോടെ മാറുന്നു. അവിടന്നങ്ങോട്ട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഉദ്വേഗഭരിതമായ കഥയ്ക്ക് വഴിവെക്കുന്നത്. മെല്ലെ തുടങ്ങുന്ന ചിത്രം നായകനെയും അയാളുടെ ചുറ്റുപാടുകളെയും അവതരിപ്പിച്ച് പ്രധാന ഭാഗങ്ങളിലേക്കെത്താൻ സമയമെടുക്കുന്നുണ്ട്. എന്നാൽ ഈ കടമ്പ കടന്നു കഴിഞ്ഞാൽ റേ തനിക്ക് മുന്നിലുള്ള പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കും എന്നറിയാനുള്ള ആകാംശയിലാകും പ്രേക്ഷകർ.

അന്ധാദുൻ കണ്ട ഒരാളെ ഭ്രമത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് അഭിനേതാക്കളുടെ പ്രകടനം എങ്ങനെ എന്നറിയാനുള്ള ആഗ്രഹമാകും. പൃഥ്വിരാജിന്റെ മികച്ച പ്രകടനത്തിലൂടെ സിനിമയിലുടനീളം രസചരട് മുറിയുന്നില്ല. റേ കടന്നുപോകുന്ന വികാരങ്ങളും വിഷമസന്ധികളും മികച്ച രീതിയിൽ പൃഥ്വി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആവേശം ചോരാതെയിരിക്കാൻ പൃഥ്വിയോളം തന്നെ പ്രാധാന്യമുണ്ട് മംമ്ത അവതരിപ്പിക്കുന്ന സിമി എന്ന കഥാപാത്രത്തിനും. റേയുടെ കാമുകിയായ സിന്ത്യയായി വേഷമിടുന്ന ഉത്തരേന്ത്യൻ നടി റാഷി ഖന്ന ലിപ് സിങ്കിനായി ബുദ്ധിമുട്ടുന്നതൊഴിച്ചാൽ മോശമല്ലാത്ത പ്രകടനമാണ്.

bhramam

ചിത്രത്തിലെ അഭിനേതാക്കൾ മിക്കവരും നല്ല പ്രകടനമാണ്. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന സി ഐ അഭിനവ് മേനോൻ ഒരു വില്ലൻ എന്നതിനൊപ്പം ചിത്രത്തിൽ ഡാർക്ക് ഹ്യൂമർ കൊണ്ട് വരുന്ന കഥാപാത്രങ്ങളിലൊന്നാണ്. ഈ ഡാർക്ക് ഹ്യൂമർ ചിത്രത്തിലുടനിളമുണ്ട്. ഉദയ കുമാറായി ശങ്കർ, എസ്ഐ സോമനായി സുധീർ കരമന, ഡോ. സ്വാമിയായി ജഗദീഷ്, മറ്റ് അഭിനേതാക്കൾ എല്ലാവരും അവരവരുടെ ഭാഗങ്ങൾ നന്നാക്കിയിട്ടുണ്ട്.

ചിത്രത്തിലെ ഡയലോഗുകളിൽ അല്പം നാടകീയത അനുഭവപ്പെടുന്നുണ്ട്. അതിനോടൊപ്പം തീർത്തും അനാവശ്യം എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ കയറിവരുന്ന തമാശയും മിക്കയിടങ്ങളിലും ഫലിച്ചിട്ടില്ല എന്ന് പറയേണ്ടിവരും.

രവി കെ ചന്ദ്രന്റെ കാമറ വർക്ക് ചിത്രത്തിന് അനുയോജ്യമാണ്. ജേക്സ് ബിജോയിയുടെ സംഗീതം അദ്ദേഹത്തിന്റെ മുൻകാല ഹിറ്റുകളെ വച്ച് നോക്കുമ്പോൾ ശരാശരിയിലൊതുങ്ങി.

അന്ധാധുൻ കാണാത്തവർക്ക് ഭ്രമം നല്ലൊരു അനുഭവമാകും എന്നതിൽ സംശയമില്ല. ഹിന്ദിയിൽ നിന്ന് വന്ന ചിത്രത്തിന്റെ മലയാളി ഫ്ലേവർ അന്ധാദുൻ കണ്ടവരെയും ആകർഷിച്ചേക്കും. എന്നാലും ഒറിജിനലിനോളം മികച്ചതാവാൻ ഈ റീമേക്കിന് കഴിഞ്ഞില്ല എന്ന അഭിപ്രായം ഇവരിലേറെ പേ‌ർക്കുമുണ്ടായാൽ അതിൽ അതിശയോക്തിയില്ല.