തിരുവനന്തപുരം: ഭര്‍തൃസഹോദരന്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഭര്‍ത്താവിനും, ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പോത്തൻകോട് പണിമൂല തെറ്റിച്ചിറയിൽ വിജയൻ - മോളി ദമ്പതികളുടെ മകൾ വൃന്ദയാണ് കൊല്ലപ്പെട്ടത്.
മകളുടെ കൊലയ്ക്ക് പിന്നിൽ ഭർത്താവും, ഭർതൃപിതാവുമാണെന്നും, ഇരുവർക്കുമെതിരെ കേസെടുക്കണമെന്നും വൃന്ദയുടെ പിതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വത്തിന്‍റേയും പണത്തിന്‍റേയും പേരില്‍ പല തവണ വൃന്ദയെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആക്രമിച്ചിരുന്നു. പിന്നീടാണ് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും പിണങ്ങി അവൾ ഇവിടെയെത്തിയത്. ഭര്‍ത്താവിന്‍റേയും ആയാളുടെ അച്ഛന്‍റേയും പ്രേരണയാലാണ് കൊലപാതകം നടന്നതെന്ന് കുടുംബം ആരോപിച്ചു.
സെപ്തംബർ 29ന് ഉച്ചയ്ക്ക് 12 നായിരുന്നു ഭർത്താവിന്റെ അനിയൻ സുബിൻലാൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വൃന്ദ തയ്യൽ പഠിക്കുന്ന പോത്തൻകോട് കാവുവിളയിലെ രാധയുടെ തയ്യൽക്കടയിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയുടെ അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചേട്ടനുമായുള്ള ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതിൽ അരിശം പൂണ്ടാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലിസിനോട് പറഞ്ഞിരുന്നു.