മുംബയ് : ആര്യൻ ഖാനെതിരെയുള്ള ലഹരി മരുന്ന് കേസ് എൻ സി ബി കെട്ടിച്ചമച്ചതാണെന്നാരോപിച്ച് എൻ സി പി. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിടെ തെളിവുകൾ നിരത്തി എൻ സി പിയുടെ മുഖ്യ വക്താവും മന്ത്രിയുമായ നവാബ് മാലിക്കാണ് എൻ സി ബിക്കെതിരെ ആരോപണമുന്നയിച്ചത്. ആര്യൻ ഖാനെയും അർബാസ് മെർച്ചന്റിനെയും എൻ സി ബി പിടികൂടുന്നതിനിടെ അകമ്പടിയുണ്ടായിരുന്നത് ബി ജെ പിയുടെ ഉയർന്ന പദവികൾ വഹിക്കുന്ന രണ്ടുപേരായിരുന്നു എന്നാണ് എൻ സി പി ആരോപിച്ചത്. എന്നാൽ കൂടെയുണ്ടായിരുന്ന രണ്ടുപേർ സ്വതന്ത്ര ദൃക്സാക്ഷികൾ ആണെന്നായിരുന്നു വാദങ്ങൾക്ക് എൻ സി ബി മറുപടി നൽകിയത്. ഈ രണ്ടുപേർ ആര്യൻ ഖാനെയും അർബാസ് മെർച്ചന്റിനെയും എൻ സി ബി ഓഫീസിലേക്ക് അകമ്പടി പോകുന്ന രണ്ട് വീഡിയോ എൻ സി പി പുറത്തുവിടുകയായിരുന്നു. അറസ്റ്റിനുശേഷം ആര്യൻ ഖാനോടൊപ്പം ഉണ്ടായിരുന്നയാളും ആര്യനും തമ്മിലുള്ള സെൽഫിയും പുറത്തുവന്നിരുന്നു.
ആര്യന്റെ അറസ്റ്റിനുശേഷം ഒരു അപരിചിതനുമായുള്ള സെൽഫി വൈറലായിരുന്നു. എന്നാൽ ഇയാൾ തങ്ങളുമായി ബന്ധപ്പെട്ടയാളല്ലായെന്നായിരുന്നു എൻ സി ബി അറിയിച്ചതെന്നും അന്വേഷണത്തിനൊടുവിൽ ഇയാൾ ബി ജെ പിയുടെ അംഗമാണെന്നും ഒരു സ്വകാര്യ ഡിറ്രക്ടീവ് എന്നാണ് അവകാശപ്പെട്ടതെന്നും നവാബ് മാലിക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആര്യനോടൊപ്പമുണ്ടായിരുന്നത് കെ പി ഗോസവിയാണെന്നും അർബാസിനോടൊപ്പമുണ്ടായിരുന്നത് മനീഷ് ബാനുശാലിയാണെന്നും മാലിക് കൂട്ടിച്ചേർത്തു. ഇവർ രണ്ടുപേരും ബി ജെ പിയുടെ പ്രതിനിധികളാണെന്നും ഫേസ്ബുക്ക് വിവരങ്ങളനുസരിച്ച് മനീഷ് വൈസ് പ്രസിഡൻറാണെന്നും ബി ജെ പി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും മാലിക് ഉന്നയിച്ചു. നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നഡ്ഡ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ നിരവധിയുണ്ടെന്നും മാലിക് ആരോപിച്ചു.
സുശാന്ത് സിംഗ് കേസ് തൊട്ട് എൻ സി ബി ബോളിവുഡിനെ ഉന്നം വെക്കുകയാണെന്ന് മാലിക് ഉന്നയിച്ചു. എൻ സി ബി മാദ്ധ്യമങ്ങളോട് പങ്കുവെച്ച ദൃശ്യങ്ങളിൽ നിന്നു തന്നെ അവയെല്ലാം എൻ സി ബിയുടെ ഓഫീസിൽ വെച്ച് ചിത്രീകരിച്ചതാണെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മാലിക് പറഞ്ഞു. എൻ സി ബി നീക്കങ്ങൾ മുഴുവനും ആസൂത്രിതമാണന്നും പ്രസിദ്ധി നേടുന്നതിന് മാത്രമായിരുന്നെന്നും അദേഹം കൂട്ടിച്ചേർത്തു. അറസ്റ്ര് ചെയ്തവരിൽ നിന്നും ഒരു ഗ്രാം ലഹരിമരുന്നുപോലും പിടിച്ചെടുത്തിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബി ജെ പിയുടെ അടുത്ത ലക്ഷ്യം ഷാരൂഖ് ഖാൻ ആയിരിക്കുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു എന്നും മാലിക് ചൂണ്ടികാട്ടി. അറസ്റ്രിനുശേഷം വാങ്കടെ മാദ്ധ്യമങ്ങളെ കാണുകയും കേസിൽ എട്ടു പത്തുപേരെ അറസ്റ്ര് ചെയ്തെന്ന് പറയുകയും ചെയ്തു, എന്നാൽ ദൃശ്യങ്ങളിൽ എട്ട് പേരെ മാത്രമാണ് കാണിച്ചതെന്നും ബാക്കി രണ്ടുപേർ ആരൊക്കെയെന്ന് എൻ സി ബി വ്യക്തമാക്കണമെന്നും മാലിക് പറഞ്ഞു. സെപ്റ്രംമ്പർ അവസാനത്തോടെ ബാനുശാലി അഹമ്മദാബാദിൽ ഉണ്ടായിരുന്നുവെന്നും വിവിധ രാഷ്ട്രീയക്കാരുമായും ഇടപെട്ടുവെന്നും എന്നാൽ ഇതേസമയത്താണ് അദാനി തുറമുഖത്തുനിന്നും കോടികളുടെ ലഹരി പിടിച്ചെടുത്തതെന്നും ഈ രണ്ടു കേസുകൾ തമ്മിൽ ബന്ധമുണ്ടോയെന്ന് എൻ സി ബി വ്യക്തമാക്കണമെന്നും അദേഹം പറഞ്ഞു.
എന്നാൽ എൻ സി ബിയുടെ നിർദേശപ്രകാരം താനവിടെ സാക്ഷി എന്ന നിലയിൽ ഉണ്ടായിരുന്നതാണെന്നും ഒരു പൗരനെന്ന പേരിൽ വിവരങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്നും ബാനുശാലി പ്രതികരിച്ചു. താൻ പാർട്ടിയിൽ യാതൊരു പങ്കും വഹിക്കുന്നില്ലെന്നും ബി ജെ പിക്ക് കേസുമായി ബന്ധമില്ലെന്നും ബാനുശാലി കൂട്ടിചേർത്തു. താനൊരു പ്രവർത്തകൻ മാത്രമാണെന്നും മാലിക്കിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും തന്റെ ജീവൻ അപകടത്തിലാണന്നും സർക്കാർ തനിക്ക് സംരക്ഷണം നൽകണമെന്നും ബാനുശാലി കൂട്ടിചേർത്തു. ഒക്ടോമ്പർ ഒന്നിന് ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് തനിക്ക് വിവരം ലഭിച്ചുവെന്നും താനത് എൻ സി ബിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദേഹം പറഞ്ഞു.
എന്നാൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസുമായ് ബന്ധപ്പെട്ട സാക്ഷികൾ ധാരാളമുണ്ടെന്നും വാങ്കടെയ്ക്കൊപ്പം എൻ സി ബി ഡെപ്യൂട്ടി ഡയക്ടർ ജനറൽ ഗ്യാനേഷ്വർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻ സി ബിയുടെ നിയമ നടപടികൾ നേരിട്ടവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദേഹം കൂട്ടിച്ചേർത്തു.