sameer-aryan

മുംബയ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അകത്തായ മയക്കു മരുന്ന് കേസിൽ റെയ്ഡ് നടത്തിയത് നിയമവിധേയമായെന്ന് എൻ സി ബി തലവൻ സമീർ വാങ്കഡ‌െ. ആഡംബര കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചു എന്നത് കെട്ടിച്ചമച്ച കഥ മാത്രമാണെന്ന് എൻ സി പി നേതാവ് നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ചാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തതെന്നും ഈ കേസിൽ അകത്തായ ഒൻപത് പേരെയും നിയമവിധേയമായി തന്നെയാണ് അറസ്റ്റ് ചെയ്തതെന്നും വാങ്കഡെ വ്യക്തമാക്കി.

എൻ സി ബി താരപുത്രന്മാരും പ്രശസ്തരും ഉൾപ്പെട്ട കേസുകൾ മാത്രമാണ് അന്വേഷിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. തങ്ങളെല്ലാവരും സർക്കാർ ഉദ്യോഗസ്ഥരാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ മാത്രമാണ് പിടികൂടിയിട്ടുള്ളതെന്നും സമീർ വാങ്ക‌ഡെ വ്യക്തമാക്കി. മയക്കു മരുന്ന് മുക്തമായ മുംബയ് ആണ് എൻ സി ബിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടിയാണ് തങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതെന്നും വാങ്കഡെ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 320 പേരെയാണ് എൻ സി ബി വിവിധ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഏകദേശം 100 കോടി രൂപയുടെ മയക്കുമരുന്ന് എൻ സി ബി പിടിച്ചിരുന്നു. മയക്കു മരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടുക എന്നതാണ് തങ്ങളുടെ ജോലിയെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും വാങ്കഡെ പറഞ്ഞു. ആര്യൻ ഖാനെതിരെയുള്ള തെളിവുകൾ എൻ സി ബി കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഈ കേസിൽ ഇതു വരെ 16 പേരെ അറസ്റ്റ് ചെയ്തതായും എൻ സി ബി തലവൻ പറഞ്ഞു.