ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ നിയന്ത്രണം വിട്ട ലോറി ഡബിൾ ഡക്കർ ബസിൽ ഇടിച്ച് ഒൻപത് മരണം. 27 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്നും ലക്‌നൗ വഴി ബഹ്‌റൈച്ചിലേക്ക് വരികയായിരുന്നു ബസ്. പരിക്കേറ്റവരെ ബരാബങ്കിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ മജിസ്ട്രേറ്റ് ആദർശ് സിംഗ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ലക്‌നൗവിലുള്ള കെ ജി എം യു ട്രോമാ സെന്രറിലേക്ക് വിദഗ്‌ദ്ധ ചികിത്സയ്ക്കായി അയച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ഉത്തർപ്രദേശ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിർദിശയിൽ വരികയായിരുന്ന ബസിൽ ചെന്നിടിക്കുകയായിരുന്നുവെന്ന് കരുതുന്നതായി ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.