ന്യൂഡൽഹി: പാമ്പ് കടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പാമ്പിനെ ഉപയോഗിച്ചുള്ള ഇത്തരം കൊലപാതകങ്ങൾ പുതിയ ട്രെൻഡാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജസ്ഥാൻ സ്വദേശിയായ പ്രതിയുടെ ജാമ്യപേക്ഷയിൽ വാദം കേൾക്കവേയാണ് ചീഫ് ജസ്റ്റീസ് എൻ വി രമണ, ജസ്റ്റീസ് സൂര്യ കാന്ത്, ജസ്റ്റീസ് ഹിമ കൊഹ്‌ലി എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
'ആളുകൾ പാമ്പുപിടുത്തക്കാരിൽ നിന്ന് വിഷ പാമ്പുകളെ വാങ്ങുകയും, ശത്രുവിനെ അതിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയും ചെയ്യുന്നത് ഒരു പുതിയ പ്രവണതയാണ്. ഇത് ഇപ്പോൾ രാജസ്ഥാനിൽ സാധാരണമായിക്കൊണ്ടിരിക്കുന്നു'- വിചാരണവേളയിൽ ജസ്റ്റീസ് സൂര്യ കാന്ത് പറഞ്ഞു.
കൃഷ്ണ കുമാർ എന്നയാൾ സുഹൃത്തിനൊപ്പം പാമ്പുപിടുത്തക്കാരന്റെയടുത്ത് പോയി, 10,000 രൂപയ്ക്ക് പാമ്പിനെ വാങ്ങിയെന്നാണ് ആരോപണം. തന്റെ കക്ഷിക്കെതിരെ തെളിവുകൾ ഇല്ലെന്ന് കൃഷ്ണ കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആദിത്യ ചൗധരി പറഞ്ഞു.
സുഹൃത്ത് പാമ്പിനെ വാങ്ങിയത് എന്തിനാണെന്ന് തന്റെ കക്ഷിക്ക് അറിയില്ലെന്ന് ചൗധരി വാദിച്ചു. ഔഷധ ആവശ്യങ്ങൾക്കായി പാമ്പിനെ ഉപയോഗിക്കാറുണ്ട്. കേസിലെ പ്രതിയായ കുമാറിനൊപ്പം തന്റെ കക്ഷി കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ പോയിട്ടില്ല. കൃഷ്ണ കുമാർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ഭാവിയെ ഓർത്ത് ജാമ്യം നൽകണം എന്നായിരുന്നു അഭിഭാഷകന്റെ വാദം.
2019 ൽ രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഒരു സ്ത്രീയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന മരുമകൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മരുമകളായ അൽപനയ്ക്ക് ജയ്പൂർ നിവാസിയായ മനീഷുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. അമ്മായിയമ്മ ഇക്കാര്യം അറിഞ്ഞതാണ് കൊലപ്പെടുത്താൻ കാരണം.
കഴിഞ്ഞ വർഷം കേരളത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. കൊല്ലം സ്വദേശിനി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണത്തിന് ഒരു മാസം മുൻപ് യുവതിയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.