delhi-university

ന്യൂഡൽഹി: കേരളത്തിൽ നിന്നുമുള്ള കുട്ടികൾ ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ പ്രവേശനം നേടുന്നത് മാർക്ക് ജിഹാദെന്ന് കിരോരി മാൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡേ. മതം പ്രചരിപ്പിക്കാൻ സ്നേഹത്തെ ഉപയോഗിക്കുന്നത് ലവ് ജിഹാദ് ആണെങ്കിൽ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കാൻ മാർക്ക് വാരിക്കോരി നൽകുന്നത് മാർക്ക് ജിഹാദ് ആണെന്ന് അദ്ധ്യാപകൻ ട്വിറ്ററിൽ കുറിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക ഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ധ്യാപകൻ ആരോപിച്ചു.

Love planned to help spread your religion is 'Love Jihad' and Marks distributed to help spread your ideology is "Marks Jihad". Make no mistakes, students with perfect 100% marks from Kerala Board is occupying admission seats of premier colleges of DU. @OpIndia_com

— rakesh kumar pandey (@rakesh__pandey) October 7, 2021

കേരളത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് ഹിന്ദിയോ ഇംഗ്ളീഷോ നന്നായി സംസാരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ധ്യാപകരോട് പോലും മര്യാദക്ക് ആശയവിനിമയം നടത്താൻ സാധിക്കാത്ത ഇവർ എന്തിനാണ് ഡൽഹിയിൽ വന്ന് പഠിക്കുന്നതെന്നും രാകേഷ് കുമാ‌ർ പാണ്ഡേ ചോദിച്ചു. ഇങ്ങനെ വരുന്ന വിദ്യാർത്ഥികളെല്ലാം നൂറ് ശതമാനം മാർക്ക് ഉള്ളവരാണെന്നും ഇത്തരക്കാർക്ക് രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് വേണമെങ്കിലും പഠിക്കാൻ സാധിക്കുമെന്നിരിക്കേ എന്തിനാണ് ഭാഷ അറിയാത്ത സ്ഥലം തന്നെ ഇവർ തിരഞ്ഞെടുത്തതെന്നും ഇദ്ദേഹം ചോദിക്കുന്നു. ഡൽഹി പോലുള്ള സ്ഥലത്ത് താമസത്തിനും ഭക്ഷണത്തിനും തന്നെ വൻ തുക ചിലവാകുമെന്നും എന്നിട്ടും വിദ്യാർത്ഥികൾ ഇവിടെയുള്ള സർവകലാശാലകൾ തിരഞ്ഞെടുക്കുന്നെങ്കിൽ അവരെ സാമ്പത്തികമായി സഹായിക്കുന്ന ഏതെങ്കിലും സംഘടനകൾ ഉണ്ടാകുമെന്നും ഇത് തന്നിൽ നിരവധി സംശയങ്ങൾ ഉളവാക്കുന്നുണ്ടെന്നും രാകേഷ് കുമാർ പാണ്ഡേ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹി സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം തുടങ്ങിയത്. പ്രവേശനത്തിന്റെ ആദ്യ ദിവസം തന്നെ കേരളാ ബോർഡ് പരീക്ഷകളിൽ നൂറ് ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികളുടെ തള്ളികയറ്റം ഭൂരിപക്ഷം കോളേജുകളിലും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അദ്ധ്യാപകന്റെ ട്വീറ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. അദ്ധ്യാപകന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.