first-malaria-vaccine

ലോകത്തെ ആദ്യ മലേറിയ വാക്സീനായ മൊക്സ്ക്യൂറിക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ കുട്ടികൾക്കാണ് വാക്സീൻ ആദ്യം നൽകേണ്ടതെന്നും സംഘടന ശുപാർശ ചെയ്തു. മലേറിയ വാക്സീൻ ഉപയോഗിക്കുന്നതിന് വിദഗ്ദ്ധ ഉപദേശക സംഘം അംഗീകാരം നൽകിയ ശേഷമാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനം ഗെബ്രേയെസസ് പ്രഖ്യാപനം നടത്തുകയും ചരിത്ര നിമിഷമെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. ആഫ്രിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ വാക്സീനാണിതെന്നും ഇതിൽ ലോകാരോഗ്യ സംഘടനയ്ക്ക് അഭിമാനമുണ്ടെന്നും ടെഡ്രോസ് അദനം അഭിപ്രായപ്പെട്ടു.

1987ൽ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്ളാക്സോസ്മിത്ത്ക്ളൈനാണ് ആർ ടി എസ്,എസ് അഥവാ മൊക്സ്ക്യൂറിക്സിസ് നിർമിച്ചത്. മുപ്പത് വർഷത്തിലേറെയായി ഇതിന്റെ നിർമാണം നടക്കുകയായിരുന്ന ഈ മരുന്ന് മാത്രമാണ് മലേറിയക്കെതിരെ ഫലപ്രദമാണെന്ന് തെളിയിച്ച ഏക വാക്സീൻ. ഈ പ്രഖ്യാപനം ആഫ്രിക്കയ്ക്ക് വളരെ പ്രതീക്ഷ നൽകുന്നുവെന്നും വാക്സീൻ നൽകുന്നതോടെ ആഫ്രിക്കയിലെ കുട്ടികൾക്ക് ആരോഗ്യമുള്ളവരായി വളർന്നുവരാനാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ ഡോ.മത്ഷിഡിസോ മോട്ടി അഭിപ്രായപ്പെട്ടു.

2019 മുതൽ ഘാന,കെന്യ, മലവായി എന്നിവിടങ്ങളിൽ മൊക്സ്ക്യൂറിക്സിനെ ബന്ധപ്പെട്ട പഠനങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഏകോപനത്തിൽ നടക്കുകയായിരുന്നു.ഇതിന്റെ ഫലമായി എട്ട് ലക്ഷത്തോളം കുട്ടികൾക്ക് വാക്സീൻ നൽകി.

മൊക്സ്ക്യൂറിക്സിന് നിരവധി വെല്ലുവിളികൾ ഉണ്ടെന്നും എന്നാൽ ആഫ്രിക്കയിൽ മലേറിയ മൂലമുണ്ടാകുന്ന പ്രതിസന്ധികൾക്ക് ഒരു പരിധി വരെ ഉപയോഗപ്രദമാകുമെന്നും കേംബ്രഡ്ജ് ഇൻസ്റ്രിട്യൂട്ട് ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജൂലിയൻ റെയ്നർ അഭിപ്രായപ്പെട്ടു.