മുംബയ്: ആര്യൻ ഖാന്റെ സാമൂഹിക മാദ്ധ്യമങ്ങളിലെ ചിത്രങ്ങൾ എടുത്തു നോക്കിയാൽ ഭൂരിപക്ഷത്തിലും താരപുത്രന്റെ ചിരിക്കുന്ന മുഖം കാണാൻ സാധിക്കില്ല. എന്നാൽ മയക്കുമരുന്ന് കേസിൽ അകത്തായ ആര്യൻ ഖാൻ പൊലീസ് കസ്റ്റഡിയിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോകൾ ഇപ്പോൾ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ ഫോട്ടോ വ്യാജമാണോ എന്ന് ഇതു വരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ട്വിറ്റർ അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിൽ ഈ ഫോട്ടോകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.
രണ്ട് ചിത്രങ്ങളാണ് പ്രധാനമായും ഷെയർ ചെയ്യപ്പെടുന്നത്. ആദ്യത്തേതിൽ പൊലീസുകാരോടൊപ്പം പോകുന്ന ആര്യൻ ഖാൻ ചിരിക്കുന്നത് വ്യക്തമായി കാണുന്നുണ്ടെങ്കിൽ രണ്ടാമത്തേതിൽ താരപുത്രൻ മാസ്ക് വച്ചിട്ടുണ്ട്. എങ്കിലും ആര്യൻ ഖാൻ ചിരിക്കുക തന്നെയാണെന്ന് ഈ ചിത്രത്തിൽ നിന്നും മനസിലാകും.
കാശുള്ലവന്റെ അഹങ്കാരം കാരണമാണ് ആര്യൻ ചിരിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ അച്ഛന്റെ കൈയിൽ പണമുണ്ടെന്നും ആ പണം ഉപയോഗിച്ച് അഴിമതിയിൽ മുങ്ങി കിടക്കുന്ന ഈ രാജ്യത്തെ നിയമവ്യവസ്ഥയുടെ പിടിയിൽ നിന്നും രക്ഷപ്പെടാമെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് ചിരിക്കുന്നതെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തെയും ചിരിച്ചു കൊണ്ട് നേരിടണമെന്ന് ആര്യൻ ഖാനെ പിന്തുണയ്ക്കുന്നവരും അഭിപ്രായപ്പെടുന്നുണ്ട്.