accident-scheme

ന്യൂഡൽഹി: നമ്മുടെ നാട്ടിലെ ഒട്ടുമിക്ക അപകട മരണങ്ങളുടെ കാരണം യഥാസമയത്ത് ചികിത്സ ലഭിക്കാതിരിക്കുന്നതാണ്. അപകടത്തിൽ പെടുന്നവർ ആരും തിരിഞ്ഞുനോക്കാതെ വഴിയരികിൽ കിടന്നു മരണമടഞ്ഞ വാർത്തകൾ ഇന്ന് മാദ്ധ്യമങ്ങളിൽ പതിവായിരിക്കുന്നു. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം നേരിടേണ്ടിവരുന്ന നിയമക്കുരുക്കുകൾ ഓർത്താണ് പലരും ഇതിൽ നിന്നും പിൻമാറുന്നത്. എന്നാൽ ഈ പ്രവണത വർദ്ധിച്ചപ്പോൾ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇതിന്റെ പേരിൽ നേരിടേണ്ടി വരില്ലെന്ന് സർക്കാരും പൊലീസും ഉറപ്പുനൽകിയെങ്കിലും ഇപ്പോഴും ജനങ്ങൾക്ക് വിമുഖതയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണ് അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന എന്നത്.

റോഡ്, ഗതാഗത റെയിൽവേ മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതി രൂപീകരിച്ചത്. അപകടത്തിൽ പെടുന്നവരെ ഗോൾഡൻ മണിക്കൂർ എന്നറിയപ്പെടുന്ന ആദ്യ ഒന്നര മണിക്കൂറിൽ തന്നെ എത്തിക്കുന്നവർക്കാണ് 5000 രൂപ പാരിതോഷികം നൽകുന്നത്. ഈ പദ്ധതി 2021 ഒക്ടോബർ 15 മുതൽ 2026 മാർച്ച് 31 വരെ പ്രാവർത്തികമാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കും , ട്രാൻസ്പോർട്ട് സെക്രട്ടറിമാർക്കും അയച്ച കത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ചു. പദ്ധതി നടപ്പാക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും കേന്ദ്രം പുറത്തിറക്കി.

പാരിതോഷികത്തിന് പുറമെ ഏറ്റവും മികച്ച രക്ഷകന് ഒരു ലക്ഷം രൂപയുടെ ദേശീയ അവാർഡും നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരാൾ ഒന്നിലധികം പേരെ രക്ഷിക്കുമെങ്കിൽ 5000 രൂപ വീതം ഒാരോ ആളെ രക്ഷിച്ചതിനും പാരിതോഷികം ലഭിക്കും.