exercise

അദ്ധ്വാനത്തിനനുസരിച്ച് വിശ്രമവും ഉള്ളവർക്ക് ആരോഗ്യം നിലനിറുത്താൻ വളരെ എളുപ്പത്തിൽ സാധിക്കും. എന്നാൽ,​ ചിലർക്ക് അദ്ധ്വാനിക്കാൻ മാത്രമേ അറിയൂ. വിശ്രമംകൂടി ആവശ്യമാണെന്ന കാര്യം അവർക്കറിയില്ല. വിശ്രമിക്കാനൊന്നും സമയം കിട്ടാറില്ലെന്നാണ് അദ്ധ്വാനം മാത്രം ശീലമാക്കിയ അവർ പറയുന്നത്. ശരിയായ അദ്ധ്വാനവും അതിനനുസരിച്ചുള്ള വിശ്രമവും ലഭിക്കുന്നവർക്കാണ് ആരോഗ്യവും ദീർഘനാൾ നിലനിൽക്കുന്നത്. അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുന്നവർക്കും വിശ്രമിച്ചു കൊണ്ടേയിരിക്കുന്നവർക്കും 'സംഭാവന'യായി ലഭിക്കുന്നത് രോഗം മാത്രമാണ്. പലരും പലവിധ അദ്ധ്വാനങ്ങളിൽ മുഴുകുന്നവരാണ്. എല്ലാ അദ്ധ്വാനവും ധനസമ്പാദനത്തിന് മാത്രമുള്ളതുമല്ല. മനസും ശരീരവും അദ്ധ്വാനത്തിൽ ഏർപ്പെടാറുണ്ട്. ശാരീരികമായ കഴിവിനും ശരീരബലത്തിനും വലിപ്പത്തിനും ആകൃതിക്കും ആവശ്യകതയ്‌ക്കും പ്രതിഫലത്തിനുമൊക്കെ ആശ്രയിച്ച് അദ്ധ്വാനത്തിന്റെ രീതികൾ മാറുന്നു. ആ രീതികൾക്കും അതുകാരണമുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾക്കും പരിഗണന നൽകിയാണ് ഏതുവിധമുള്ള വിശ്രമമാണ് വേണ്ടതെന്ന് നിശ്ചയിക്കേണ്ടത്. ഓഫീസിൽ സ്ഥിരമായി ഒരിടത്തുതന്നെ ഇരുന്നുള്ള ജോലിക്കാരനും വിറകുവെട്ടുന്ന ഒരാളിനുമുള്ള അദ്ധ്വാനം ഒരുപോലെ അല്ലാത്തതിനാൽ തന്നെ വിശ്രമം വേണ്ടതും ഒരുപോലെയല്ല. ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടാണോ കൂടുതൽ അദ്ധ്വാനിക്കുന്നത് ആ ഭാഗത്തിനാണ് വിശ്രമം വേണ്ടത്. കൃഷിപ്പണി ചെയ്യുന്ന ഒരാളോ കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നയാളോ 'വ്യായാമം ആവശ്യത്തിനായിക്കോട്ടെ' എന്ന് കരുതി ഷട്ടിൽ ബാഡ്മിന്റൺ കളിക്കാൻ പോകേണ്ടതില്ല. ദിവസവും നടക്കാൻ പോകേണ്ടതുമില്ല.

ഓഫീസിൽ രാവിലെ എത്തുന്നത് മുതൽ വൈകുന്നേരംവരെ ചടഞ്ഞിരിക്കേണ്ടിവരുന്ന പല ജോലികളുമുണ്ട്. ഇതിനിടയിലൊന്ന് എഴുന്നേറ്റ് നടക്കാൻ പോലും സാഹചര്യവും സമയവുമില്ലാത്തവർ കൈയും കാലും ആവശ്യത്തിന് അനക്കുകയെങ്കിലും ചെയ്‌തേ മതിയാകൂ. അത്രയും സമയം തുടർച്ചയായി ഇരിക്കുന്നവർ എഴുന്നേൽക്കാനും നടക്കാനും ലഭിക്കുന്ന അവസരങ്ങൾ നിർബന്ധമായും ഉപയോഗിക്കണം. രാവിലെയോ വൈകുന്നേരമോ നടക്കുകയോ വ്യായാമം ലഭിക്കുന്ന മത്സരങ്ങളിൽ ഏർപ്പെടുകയോ വേണം.

സമ്മർദ്ദം ഒഴിവാക്കാൻ

യോഗയും ധ്യാനവും

വിരലുകളും റിസ്റ്റും കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന ടൈപ്പിസ്റ്റുകൾ അഥവാ ഡി.ടി.പി വർക്കർ, കൂടുതൽ സമയം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടിവരുന്ന ബസ് കണ്ടക്‌ടർ, ഒറ്റ ഇരുപ്പിലിരുന്ന് ദീർഘദൂരം വാഹനമോടിക്കുന്ന ഡ്രൈവർമാർ, ടെൻഷനടിച്ച് രോഗിയെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസിന്റെ ഡ്രൈവർ എന്നിവരൊക്കെയും അവരുടെ അദ്ധ്വാനത്തിന്റെ സ്വഭാവമനുസരിച്ചുള്ള വിശ്രമം കൂടി തീരുമാനിക്കേണ്ടിവരും. നിന്നുകൊണ്ട് ജോലിചെയ്യുന്ന അമിതവണ്ണമുള്ളവർ, ഉറക്കമൊഴിഞ്ഞ് ജോലിചെയ്യുന്ന രക്തസമ്മർദ്ദമുള്ളവർ, വെരിക്കോസ് വെയിനുള്ള സെയിൽസ് വിഭാഗത്തിലെ ജീവനക്കാർ തുടങ്ങിയവരൊക്കെയും അവരുടെ ഏത് ഭാഗത്ത് എത്രമാത്രം വിശ്രമം വേണമെന്ന്കൂടി മനസിലാക്കേണ്ടതുണ്ട്. ശരീരത്തിനാണോ മനസിനാണോ വിശ്രമം വേണ്ടതെന്ന കാര്യവും അദ്ധ്വാനത്തിനനുസരിച്ച് തന്നെയാണ് തീരുമാനിക്കേണ്ടത്. ചിലതരം ജോലികളിൽ അദ്ധ്വാനത്തിന്റെ കൂടെത്തന്നെ ആവശ്യത്തിന് വിശ്രമവും ലഭിക്കുന്നവയാണ്. അടുക്കളജോലികൾ ശ്രദ്ധിച്ചാൽ അവിടെ പല ആവശ്യങ്ങൾക്കായി നടക്കുന്നവർ നേരെ നടന്നാൽ മൂന്ന് മുതൽ അഞ്ച് കിലോമീറ്റർവരെ നടക്കുന്ന ഗുണം ലഭിക്കേണ്ടതാണ്. എന്നാൽ അപ്രകാരം ഗുണം ലഭിക്കാത്തത് ഇടയ്‌ക്കിടെ വിശ്രമം ലഭിക്കുന്ന രീതിയിലാണ് ചില ജോലികൾ ചെയ്യേണ്ടിവരുന്നത് എന്നതിനാലാണ്. എന്നാൽ,​ അത്രയും സമയം നിന്നുകൊണ്ട് ചെയ്യേണ്ടിവരുന്ന ജോലികാരണം അത് പരിഹരിക്കുന്നതിനുള്ള വിശ്രമമാർഗങ്ങളും ആവശ്യമായി വരും. ഹൃദയത്തിന്റെ ലെവലിൽ കാൽപാദം വരുന്നവിധം കിടക്കുകയാണ് അതിനുള്ള ഒരു മാർഗം.

മാനസികസമ്മർദ്ദമുള്ളവർ മത്സര ഗെയിമുകളിലല്ല വിശ്രമം കണ്ടെത്തേണ്ടത്. അവർക്കാവശ്യം യോഗയോ ധ്യാനമോ മനഃസമാധാനം കിട്ടുന്ന മറ്റു കാര്യങ്ങളോ ആണ്.

അദ്ധ്വാനം പോലെ

വിശ്രമവും പ്രധാനം

അദ്ധ്വാനത്തിനനുസരിച്ചുള്ള വിശ്രമംപോലെ പ്രധാനമാണ് ആവശ്യത്തിന് വിശ്രമം ലഭിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ അദ്ധ്വാനമുള്ള വ്യായാമം തെരഞ്ഞെടുക്കണമെന്നതും. അദ്ധ്വാനം കൊണ്ട് അമിതപ്രവർത്തനവും വിശ്രമംകൊണ്ട് അതിന് ശമനവുമാണ് ശരീരത്തിനും മനസിനും സംഭവിക്കുന്നത്. അദ്ധ്വാനവും വിശ്രമവും അധികമാകുന്നതും കുറഞ്ഞുപോകുന്നതും ദോഷം തന്നെ. ചിലർ ക്രമേണ വിശ്രമം ആവശ്യത്തിലേറെ വർദ്ധിപ്പിച്ച് ആലസ്യാവസ്ഥയിലേക്കും മാറാറുണ്ട്. ആലസ്യമെന്നത് ഒഴിവാക്കേണ്ട പ്രധാനകാര്യങ്ങളിൽ ഒന്നായി കാണണം.

ഫ്രീ റാഡിക്കിളുകൾ നിർവീര്യമാകുക, ശരീരത്തിലെ ഓരോ കോശങ്ങൾക്കും ആവശ്യത്തിന് പ്രാണവായു ലഭിക്കുക, കോശങ്ങൾക്ക് ആവശ്യമില്ലാത്തതെല്ലാം ബഹിഷ്‌കരിക്കുക, പ്രാണശക്തി സജീവമാക്കി നിലനിറുത്തുക തുടങ്ങിയ നിരവധി ഗുണങ്ങൾ ശരിയായ അദ്ധ്വാനവും വിശ്രമവും കൊണ്ട് ലഭ്യമാകുന്നു. ഊർജ്ജസ്വലതയോടെയും ഉന്മേഷത്തോടെയും പ്രവർത്തിക്കുന്നതിന് ഇത് കാരണമാകുന്നു.

അദ്ധ്വാനവും വിശ്രമവും

സന്തുലിതമാകണം

ഇതുവരെ ഓൺലൈൻ ക്ലാസുകളായതുകൊണ്ട് സ്‌കൂളിലേക്കുള്ള യാത്രപോലും മുടക്കി വീട്ടിലിരുന്ന വിദ്യാർത്ഥികളോട് അത്യാവശ്യത്തിനുള്ള അദ്ധ്വാനം ലഭിക്കുന്നതിനായി കളികളിൽ ഏർപ്പെടുന്നതിനും മറ്റും ഉപദേശിക്കേണ്ടിവരും. അവരുടെ കഴിഞ്ഞകാല അദ്ധ്വാനവും വിശ്രമവും പരിശോധിച്ചാൽ വിശ്രമത്തിന്റെ തോത് ഉയർന്നുതന്നെ നിൽക്കും. മുമ്പുണ്ടായിരുന്ന അദ്ധ്വാനം കൊവിഡിന്റെ പേരിൽ മുടങ്ങിപ്പോയ പലരുടെയും അവസ്ഥ ഇതുതന്നെയാണ്.

ആരോഗ്യമുള്ളവർക്ക് അത് തുടരാൻ സഹായകമായ ഒരു മാർഗമാണ് അദ്ധ്വാനവും വിശ്രമവും സന്തുലിതമായി നിലനിർത്തുക എന്നത്. ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ച ഒരാളിൽ ശരിയായ അദ്ധ്വാനമോ അതിനനുസൃതമായ വിശ്രമമോ സുഗമമായി നടത്താൻ സാധിക്കണമെന്നില്ല. എന്നാലും,​ രോഗികളായവരും അവ പരമാവധി കൃത്യതയോടെ ചെയ്‌ത് ശീലിക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ,​ ആരോഗ്യമുള്ളവർക്ക് അത് നിലനിറുത്താനായി വളരെ ഉപയോഗപ്പെടുത്താവുന്നതാണ് അദ്ധ്വാനവും വിശ്രമവും. അതിലൂടെ ഒരാൾ രോഗിയായി മാറാനുള്ള സാദ്ധ്യത ഒഴിവാക്കാനും രോഗസാദ്ധ്യത പരമാവധി താമസിപ്പിക്കാനും സാധിക്കുന്നു.