മുംബയ്: ആഡംബരക്കപ്പലിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനും സംഘവും അറസ്റ്റിലായ സംഭവത്തിൽ രാഷ്ട്രീയ വഴിത്തിരിവ്. കപ്പലിൽ എൻ.സി.ബി നടത്തിയ റെയ്ഡിനിടെ ബി.ജെ.പി നേതാവും സ്വകാര്യ ഡിറ്റക്ടീവും പങ്കെടുത്തുവെന്നും പരിശോധന വ്യാജമാണെന്നും ചൂണ്ടിക്കാട്ടി എൻ.സി.പി മന്ത്രി നവാബ് മാലിക്ക് രംഗത്തെത്തി.
അറസ്റ്റിലായ ആര്യൻഖാനെയും അർബാസ് അർച്ചന്റിനെയും എൻ.സി.ബി ഓഫീസിലേക്ക് കൊണ്ടുപോയത് എൻ.സി.ബി ഉദ്യോഗസ്ഥരല്ലെന്നും മറിച്ച് ബി.ജെ.പി പ്രവർത്തകനാണെന്നും വീഡിയോകളിൽ വ്യക്തമാണ്.
ആര്യനൊപ്പം സെൽഫിയിലും വീഡിയോയിലും കാണുന്നത് സ്വകാര്യ കുറ്റാന്വേഷകൻ എന്ന് അവകാശപ്പെടുന്ന കെ.പി. ഗൊസാവിയും രണ്ടാമൻ ബി.ജെ.പി വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലിയുമാണ്.
റെയ്ഡിൽ ബി.ജെ.പി പ്രവർത്തകർ എങ്ങനെ വന്നുവെന്ന് കേന്ദ്ര ഏജൻസി വെളിപ്പെടുത്തണമെന്നും എൻ.സി.പി ആവശ്യപ്പെട്ടു.
'റെയ്ഡ് വ്യാജമാണ്. മഹാരാഷ്ട്ര സർക്കാരിനെയും മുംബയ് സിനിമാ വ്യവസായത്തെയും അവഹേളിക്കാൻ എൻ.സി.ബിയെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ നീക്കമാണിതെന്ന്' മന്ത്രി നവാബ് മാലിക്ക് ആരോപിച്ചു.
എന്നാൽ ഒരു സാക്ഷി എന്ന നിലയിലാണ് താൻ എൻ.സി.ബി ഓഫിസിലെത്തിയതെന്നാണ് മനീഷ് ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചത്. ഗൊസാവിയും മനീഷും സ്വതന്ത്ര സാക്ഷികളാണെന്നാണ് എൻ.സി.ബിയും അറിയിച്ചു.
ആഡംബരക്കപ്പലിൽ നിന്ന് പിടികൂടിയതെന്ന് എൻ.സി.ബി പറയുന്ന ലഹരിവസ്തുക്കളുടെ ചിത്രം മാദ്ധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതും സംശയകരമാണ്. ആഡംബരക്കപ്പലിൽനിന്നുള്ള ഫോട്ടോ അല്ല മറിച്ച് എൻ.സി.ബി സോണൽ ഡയറക്ടറുടെ ഓഫീസിലെ ഫോട്ടോയാണു പുറത്തുവന്നത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നാണ് നിയമം. സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കാനായി മജിസ്‌ട്രേറ്റിന് മുന്നിൽ വേണം തുറക്കാനെന്നും മാലിക്ക് പറഞ്ഞു.
അതേസമയം ആരോപണങ്ങൾ മനീഷ് നിഷേധിച്ചു.
' അറസ്റ്റുകളുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. ലഹരിമരുന്നു പാർട്ടി നടക്കുമെന്ന് ഒക്ടോബർ ഒന്നിന് വിവരം ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഞാനും എൻ.സി.ബി ഉദ്യോഗസ്ഥർക്കൊപ്പം കപ്പലിൽ ഉണ്ടായിരുന്നു."- മനീഷ് പറഞ്ഞു. അതേസമയം, അർബാസ് മർച്ചന്റിന്റെ കൈയിൽ പിടിച്ച് മുന്നോട്ടുനീങ്ങുന്ന മനീഷ് ഭാനുശാലിയുടെ ദൃശ്യങ്ങൾ പല വീഡിയോകളിലും വ്യക്തമാണ്.
പ്രതികരിച്ച് ബി.ജെ.പി എം.എൽ.എ
നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ ജനുവരിയിൽ ലഹരിമരുന്ന് കേസിൽ എൻ.സി.ബി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുവെന്നും ഇതാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും ബി.ജെ.പി എം.എൽ.എ അതുൽ ഭട്കാൽക്കർ തിരിച്ചടിച്ചു. നിയമപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അറസ്റ്റിലായത് പ്രമുഖനാണോ അല്ലയോ എന്നു നോക്കാറില്ലെന്നും എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെ പറഞ്ഞു.