drug

തിരുവനന്തപുരം: കുട്ടികളിലും കൗമാരക്കാരിലും വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് സംസ്ഥാനത്ത് ലഹരിയുടെ ആധിക്യത്തെയും വിതരണത്തെയും കുറിച്ച് പഠനം നടത്താൻ സാമൂഹ്യനീതി വകുപ്പ് ഒരുങ്ങുന്നു. പഠന നടത്താൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നോ യൂണിവേഴ്സിറ്റികളിൽ നിന്നോ പ്രോജക്ട് പ്രൊപ്പോസൽ സാമൂഹ്യ നീതി വകുപ്പ് ക്ഷണിച്ചു. 15നകം പദ്ധതി നിർദ്ദേശം സമർപ്പിക്കാം. അടുത്ത വർഷം മാർച്ച് 31നകം പഠനറിപ്പോർട്ട് സമർപ്പിക്കണം. 21.16 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ ലഹരി ഉപയോഗത്തിൽ മുമ്പെങ്ങുമില്ലാത്ത വർദ്ധന ഉണ്ടായതിനെ തുടർന്നാണ് സാമൂഹ്യ നീതി വകുപ്പ് ഇത്തരമൊരു പഠനത്തിലേക്ക് കടന്നത്. റിപ്പോർട്ടുകളിലെ കണ്ടെത്തൽ പരിശോധിച്ച ശേഷമാകും മറ്റ് നടപടികളിലേക്ക് സാമൂഹ്യ നീതി വകുപ്പ് കടക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ലഹരി ഉപയോഗം വ്യാപകമായതിനാൽ തന്നെ ഇത് ബാല ലൈംഗിക ചൂഷണം അടക്കമുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും എത്താൻ സാദ്ധ്യതയുണ്ടെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് വേണ്ടി ഇപ്പോൾ തന്നെ കേരളത്തിൽ നാശ മുക്ത് അഭിയാൻ എന്ന പേരിൽ കാമ്പെയിൻ നടക്കുന്നുണ്ട്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കേന്ദ്ര സാമൂഹ്യനീതി വകുപ്പും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ആറ് ജില്ലകൾ അടക്കം രാജ്യത്തെ 272 ജില്ലകളിലാണ് നാശ മുക്ത് അഭിയാൻ നടപ്പാക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കർമ്മപദ്ധതിയുടെ ഭാഗമായാണ് ഈ ബോധവത്ക്കരണം.

 ഹോട്ട് ‌സ്‌പോട്ടുകൾ തിരച്ചറിയും


ലഹരി ഉപയോഗത്തിന്റെയും കടത്തിന്റെയും ഹോട്ട് സ്‌പോട്ടുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നത് അടക്കമുള്ള വിവിധ ആക്ഷൻ പ്ളാനുകൾ അടുത്ത വർഷം സാമൂഹ്യനീതി വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇടങ്ങൾ കണ്ടെത്തുകയും ലഹരിയുടെ വ്യാപനം തടയുകയും ചെയ്യുകയാണ് ഹോട്ട് സ്‌പോട്ടുകൾ തിരച്ചറിയുന്നതിലൂടെ ചെയ്യുന്നത്. മാത്രമല്ല,​ ഇവിടെ പൊലീസിന്റെയും ലഹരി വിരുദ്ധ വോളന്റിയർമാരുടെയും നിരന്തര ശ്രദ്ധ പതിപ്പിക്കുകയും ചെയ്യും. കൗമാരക്കാർക്കിടയിൽ ലഹരിയുടെ ഉപയോഗം അനിയന്ത്രിതമായി വർദ്ധിച്ചുവരുന്നതായും ഇത് ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതായി അടുത്തിടെ മാദ്ധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.