കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ താലിബാനുമായി ബ്രിട്ടീഷ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. താലിബാൻ ഭരണകൂടവുമായി ചർച്ചനടത്താൻ ആദ്യമായാണ് ബ്രിട്ടൻ അഫ്ഗാനിലേക്ക് പ്രതിനിധിസംഘത്തെ അയക്കുന്നത്. അഫ്ഗാനിലെ ബ്രിട്ടന്റെ ഉന്നതതല പ്രതിനിധി സർ സൈമൺ ഗാസ്, ദോഹ പ്രതിനിധി മാർട്ടിൻ ലോംഗ്ദെൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. താലിബാൻ ഇടക്കാല സർക്കാരിലെ വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുത്തഖി, ഉപ പ്രധാനമന്ത്രിമാരായ മുല്ല അബ്ദുൽ ഘനി ബറാദർ അഖുൻദ്, മൗലവി അബ്ദുൾ സലാം ഹനഫി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങളിൽ സംഘം ആശങ്ക പ്രകടിപ്പിച്ചു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കരുതെന്ന് സംഘം താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാനിലെ മാനുഷിക ദുരന്തം ആഗോള ശ്രദ്ധയിൽ കൊണ്ടുവരാനും ഭീകരത തടയാനും രാജ്യം വിടാനാഗ്രഹിക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും സഹായിക്കാമെന്നും ബ്രിട്ടൻ ഉറപ്പുനൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ
വിശദമായി ചർച്ച ചെയ്തതായി താലിബാൻ വക്താവ് അബ്ദുൾ ഖഹാർ ബൽഖി പറഞ്ഞു.
ഇത് പുതിയ ബന്ധത്തിന്റെ ആരംഭമാണെന്നും മറ്റു രാജ്യങ്ങളും ഇതേ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൽഖി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം താലിബാനുമായി ചർച്ച നടത്തിയിരുന്നു.