സൗന്ദര്യ സംരക്ഷണത്തിനായി നാടെങ്ങും നെട്ടോട്ടമോടുന്നവരാണ് ഒട്ടുമിക്ക മലയാളികളും. ഇതിനായി ചിലവഴിക്കുന്ന കാശ് ചില്ലറയൊന്നുമല്ല. എന്നാൽ എല്ലാമൊന്നും ഫലം കാണുകയുമില്ല. പണം നഷ്ടം മിച്ചം. ഇതിന് പരിഹാരമായി ഇനി വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ ഫേസ്പാക്കുകൾ തയ്യാറാക്കാം. ചർമ്മത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് വിവിധ തരം പാക്കുകൾ പരീക്ഷിക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കാണാറുള്ള പയറുപൊടി, കടലമാവ്, തേൻ,പാൽ, തേങ്ങ പാൽ, മഞ്ഞൾപ്പൊടി, തക്കാളി, ഉരുളക്കിഴങ്ങ് ,പപ്പായ, കോഫീ പൗഡർ, ക്യാരറ്റ്, കറ്റാർ വാഴ എന്നിവയാണ് പ്രധാനമായും വേണ്ടത്.
1. നന്നായി കഴുകിയ ഉരുളക്കിഴങ്ങ് തൊലിക്കളഞ്ഞ് കാൽ ഗ്ളാസ്സ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം. അരിച്ചെടുത്ത ഉരുളക്കിഴങ്ങ് ജ്യൂസിൽ നിന്നും വെള്ളം കളഞ്ഞ് കട്ടിയുള്ള സ്റ്റാർച്ച് എടുത്ത് മാറ്റിവെക്കുക.ഇതിലേക്ക് ഒന്നര ടേബിൾ സ്പ്പൂൺ ഗോതമ്പ് മാവ് ചേർക്കുക. ഗോതമ്പ് മാവിന് പകരമായി കടലമാവോ, പയറുപ്പൊടിയോ ചേർക്കാവുന്നതാണ്. ഇതിലേക്ക് അൽപ്പം തേൻ ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ടിനുശേഷം കഴുകിക്കളയുക.
2. പഴുത്ത പപ്പായ ആവശ്യത്തിനെടുത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കടലമാവ് ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിട്ടിനുശേഷം കഴുകിക്കളയുക. ഇത് ക്ളൻസർ ആയാണ് ഉപയോഗിക്കുന്നത്. മിക്സിയിൽ അടിച്ചെടുത്ത പപ്പായയും അരിമാവും,തേനും ചേർത്ത് സ്‌ക്രബ് ചെയ്യാവുന്നതാണ്. പപ്പായയും കറ്റാർ വാഴയുടെ പൾപ്പും ചേർത്ത് മോയിസ്ചറൈസർ ആയി ഉപയോഗിക്കാവുന്നതാണ്.
3. ക്യാരറ്റ് നന്നായി മിക്സിയിൽ അടിച്ചെടുത്തതിൽ കറ്റാർ വാഴയുടെ പൾപ്പും ചേർത്ത് മിശ്രിതം തയ്യാറാക്കി മുഖത്ത് പുരട്ടുക.
4.തക്കാളിക്കുള്ളിലെ ജ്യൂസ് എടുക്കുക. ഇതിലേക്ക് കറ്റാർ വാഴയുടെ പൾപ്പ്, മഞ്ഞൾപ്പൊടി,ചന്ദനപ്പൊടി എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക.
5. കട്ട തൈര്, തക്കാളി നീര്, ഒരു ടേബിൾ സ്പൂൺ കോഫീ പൗഡർ, തേൻ, എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക.