രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഡലിംഗിലും ഇന്റർനാഷണൽ ഇവന്റുകളിലും സജീവമായിരിക്കുകയാണ് പ്രിയനടി ഐശ്വര്യ റായി. നടിയുടെ പുത്തൻ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളിൽ അമ്പരന്നിരിക്കുകയാണ് ഫാഷൻ ലോകം. ഇടവേളയ്ക്ക് ശേഷം പാരിസ് ഫാഷൻ വീക്കിലെ പ്രകടനത്തിലൂടെയാണ് ആഷ് ഫാഷൻ റാമ്പിൽ മടങ്ങിയെത്തിയത്. തൊട്ടു പിന്നാലെ ദുബായ് എക്സ്പോ 2020 ലെ ‘സ്റ്റാൻഡ് അപ്’ പ്രോഗ്രാമിൽ പങ്കെടുക്കാൻ ലോറിയൽ പാരീസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഐശ്വര്യ ദുബായിലെത്തി. ദുബായ് നടക്കുന്ന എക്സ്‌പോ 2020 ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ്. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നിശ്ചയിച്ചിരുന്ന എക്സ്‌പോ കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.
പാരിസിൽ തൂവെള്ള നിറത്തിലെ വ്യത്യസ്തമായ ഔട്ട്ഫിറ്റുമായി പ്രേക്ഷകരുടെ മനംകവർന്ന ഐശ്വര്യ പക്ഷേ ദുബായിലെത്തിയത് കറുപ്പ് വേഷത്തിലാണ്. ഐശ്വര്യയുടെ മേക്കപ് ആർട്ടിസ്റ്റുകൾ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്. ജെറ്റ് ബ്ലാക്കിൽ എംബലിഷ്ഡ് വർക്കുകൾ ചെയ്ത് സബ്യസാചി ഔട്ട്ഫിറ്റാണ് ഐശ്വര്യ ധരിച്ചത്. സ്ലീവ്‌ലസ് ഡ്രസിലെ വൈഡ് യു നെക്ക് ഈ ക്ളാസിക് ഔട്ട്ഫിറ്റിനെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു. വേഷത്തിനൊപ്പം ഒരു കറുപ്പ് വെയിസ്റ്റ് ബെൽറ്റും നടി ധരിച്ചിട്ടുണ്ട്. സ്റ്റേറ്റ്മെന്റ് മോതിരങ്ങളും സ്റ്റൈലിഷ് കമ്മലുകളുമാണ് ആക്സസറൈസ് ചെയ്തത്. ബ്ളാക്ക് ഡ്രസിനൊപ്പം ലിപ്സ്റ്റിക് ലവറായ ആഷ് തിരഞ്ഞെടുത്തത് ബ്രൈറ്റ് റെഡ് നിറത്തിലെ ലിപ്സ്റ്റിക്കാണ്. വൈൻഹൗസ് ഐ മേക്കപ്പിനൊപ്പം ഓപ്പൺ ഹെയർ സ്റ്റൈലും കൂടിച്ചേർന്നതോടെ ആഷ് പതിവിലും സുന്ദരിയായി.
ഒക്ടോബർ 3ന്, പാരിസിൽ ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വേദിയിലായിണ് ഫാഷൻ വീക്ക് അരങ്ങേറിയത്. ലോകോത്തര കോസ്മറ്റിക്സ് കമ്പനി ലൊറിയലിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ റായി ബച്ചൻ റാംപിലെത്തിയത്. വെള്ള നിറത്തിലുള്ള പ്ലീറ്റഡ് ഡ്രസ്സ് ആയിരുന്നു പാരിസിലെ വേഷം.
പതിവുപോലെ ലിപ്സ്റ്റിക്കിലെ വ്യത്യസ്തമായ പരീക്ഷണമായിരുന്നു മേക്കപ്പിലെ പ്രധാന ഹൈലൈറ്റ്. ഫ്യൂഷിയ പിങ്ക് ലിപ്സ്റ്റിക്കാണ് പാരിസിലെ വൈറ്റ് ഔട്ട്ഫിറ്റിനൊപ്പം ആഷ് തിരഞ്ഞെടുത്തത്.