lakhimpur

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരിൽ കര്‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി രണ്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുമായി അടുത്ത ബന്ധമുള്ള രണ്ട് പേര്‍ അറസ്റ്റില്‍. ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരെയാണ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഉത്തർപ്രദേശ് പൊലീസ് ആശിഷിന് സമൻസ് അയച്ചു.

കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. നാളെയാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ ആശിഷ് മിശ്രയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും ഇവരില്‍ നിന്ന് കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഐ ജി ലക്ഷ്മി സിങ് മാദ്ധ്യമങ്ങളെ അറിയിച്ചു.

ലഖിംപൂർ സംഘർഷത്തിൽ ആരൊക്കെ മരിച്ചു, എഫ്‌ ഐ ആറിൽ ആരുടെയൊക്കെ പേരുകളുണ്ട്, എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ലഖിംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാൽപര്യ ഹർജി സംബന്ധിച്ചും സുപ്രീം കോടതി വിവരങ്ങൾ തേടിയിരുന്നു.

മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും, അവർക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം തനിക്ക് ലഭിച്ചു. സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടത്തി, അവർക്ക് വേണ്ട മെഡിക്കൽ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിർദേശിച്ചു.

സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌‌‌‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. രണ്ട് വാഹനങ്ങളാണ് കർഷകർക്ക് നേരെ ഇടിച്ചുകയറ്റിയത്. ഒരു വാഹനം ആശിഷ് മിശ്രയുടേതും, മറ്റൊന്ന് സുഹൃത്തിന്റേതുമാണെന്ന നിഗമനത്തിലാണ് പൊലീസ്.