ദുബായ് : മിസ് യൂണിവേഴ്‌സ് മത്സരം ആദ്യമായി യു.എ.ഇയിലേക്ക്. ദുബായ് അൽ ഹബ്തൂർ സിറ്റിയിലെ ലാ പെർലെയിലായിരിക്കും മത്സരമെന്ന് സംഘാടകരായ മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനും യുഗെൻ ഇവന്റ്സും അറിയിച്ചു. നവംബര്‍ ഏഴിന് ന ടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് യു.എ.ഇയില്‍ നിന്നുള്ള 18നും 28നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. missuniverseuae.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ഒക്ടോബര്‍ 15ന് അല്‍ഹബ്തൂര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന കാസ്റ്റിംഗില്‍ പങ്കെടുക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഈ മാസം 20ന് പ്രഖ്യാപിക്കും.ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഫോട്ടോഷൂട്ട്, റണ്‍വേ ചലഞ്ച്, കൊമേഴ്‌സ്യല്‍ ഷൂട്ട്, പാനല്‍ ഇന്റര്‍വ്യൂ എന്നിവ ഒക്ടോബര്‍ 20നും 30നും ഇടയില്‍ നടക്കും. നവംബര്‍ ഏഴിന് ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാം.ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക സൗന്ദര്യ മത്സരമാണ് മിസ് യൂണിവേഴ്‌സ്. മിസ് യൂണിവേഴ്‌സിന്റെ 2020 പതിപ്പ് ഈ വര്‍ഷം മേയില്‍ യു.എസിലെ ഫ്ലോറിഡയിലാണ് നടന്നത്. മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മേസയാണ് നിലവിലെ കിരീടാവകാശി.