notes

ജയ്പൂർ: 2000 ന്റെയും 500 ന്റെയും കറൻസി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് എം എല്‍ എ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയും ചെയ്തു. ഭരത് സിംഗ് ആണ് കത്തെഴുതിയത്. അതേസമയം, 5,10,20, 50,100,200 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും എം എൽ എ കത്തിൽ ആവശ്യപ്പെട്ടു.

ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ഭരത് സിംഗ് ആവശ്യപ്പെടാനുളള പ്രധാന കാരണം അഴിമതിയാണ്. 'അഴിമതിക്കാരും കൈക്കൂലിക്കാരും ഏറ്റവും കൂടുതല്‍ കൈപറ്റുന്നത് 500,2000 നോട്ടുകളാണ്. അതിനാല്‍ തന്നെ ഇതില്‍ മഹാത്മ ഗാന്ധിയുടെ പടം വയ്ക്കരുത്. എന്നാല്‍ ചെറിയ മൂല്യങ്ങളുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നത് പാവങ്ങളാണ് . അതിനാല്‍ തന്നെ അവരുടെ ഉന്നതിയിലേക്കുള്ള ചിഹ്നമായി ചെറിയ നോട്ടുകളില്‍ കണ്ണട ധരിച്ച ഗാന്ധിയുടെ പ്രശസ്തമായ ചിത്രം വേണം'- കത്തിൽ എംഎല്‍എ പറയുന്നു.

ഗാന്ധിജിക്ക് പകരം വലിയ നോട്ടുകളില്‍ ആശോക ചക്രം ആലേഖനം ചെയ്യണമെന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത്.രാജസ്ഥാനിലും രാജ്യത്തും വര്‍ദ്ധിക്കുന്ന അഴിമതിയിലേക്ക് ശ്രദ്ധതിരിക്കാനാണ് തന്റെ നീക്കം എന്ന് ഭരത് സിംഗ് പറയുന്നു. കഴിഞ്ഞ ഏഴരകൊല്ലത്തിനിടെ രാജ്യത്ത് അഴിമതി കുത്തനെ കൂടിയെന്നും ദിവസം രണ്ട് എന്ന നിലയിലാണ് അഴിമതി കേസുകള്‍ രജിസ്ട്രര്‍ ചെയ്യപ്പെടുന്നത് എന്നും ഭരത് സിംഗ് പറയുന്നു.