കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബിരുദമില്ലാത്ത അറുപതു വയസ് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനം ഉടൻ തന്നെ റദ്ദാക്കിയേക്കും. മന്ത്രിസഭയ്ക്ക് കീഴിലെ ഫത്‌വ നിയമ നിർമാണ സമിതിയാണ് മാൻപവർ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിയത്. തീരുമാനം റദ്ദാക്കിയാൽ ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് പ്രവാസികൾക്ക് പ്രയോജനം കിട്ടും.
ജനസംഖ്യാ ക്രമീകരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റിലാണ് മാൻ പവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെര്‍മിറ്റുമായി ബന്ധപ്പെട്ട റദ്ദാക്കൽ തീരുമാനം കൈക്കൊണ്ടത്.ഹയർ സെക്കൻഡറിയോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികൾക്ക് പ്രായം അറുപതോ അതിൽ കൂടുതലോ ആണെങ്കിൽ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്നായിരുന്നു തീരുമാനം.
തൊഴിൽ അനുമതിയുടെ ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്‌വ നിയമനിർമാണ സമിതി തീരുമാനാത്തെ നിരാകരിച്ചത്. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടായേക്കും എന്നാണ് റിപ്പോർട്ട്.