palliative-care

ഇന്ന് ലോക പാലിയേറ്റീവ് കെയർ ദിനം
..........................................


ഈ വർഷത്തെ ആഗോള ഹോസ് പൈസ്‌ ആൻഡ് പാലിയേറ്റീവ് കെയർ ദിനം(World Hospice and Palliative Care Day) ഇന്ന് ആചരിക്കുകയാണ്. പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം”ആരെയും പിന്തള്ളാതെ,സ്വാന്തന പരിചരണ ലഭ്യതയിൽ തുല്യത ഉറപ്പാക്കിക്കൊണ്ട് ”(Leave no-one behind-equity in access to palliative care)എന്നതാണ്.

ലോകത്തെങ്ങും ഗുരുതര രോഗങ്ങൾ മൂലവും മറ്റും വേദനതിന്ന് കഴിയുന്നവർക്കെല്ലാം സാന്ത്വന പരിചരണം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ദിനാചരണം കരുത്തു പകരുന്നു. സാന്ത്വന ചികിത്സ വൈദ്യശാസ്ത്രപരമായി ഒരു ചികിത്സയല്ല. അതൊരു ജീവനകലയാണ് എന്നേ പറയാൻ സാധിക്കൂ.

വേദന ശരീരത്തിന്റേത് മാത്രമല്ല മനസിന്റേതു കൂടിയാണ്. രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുകൾ കുറച്ച് ജീവിതം പരമാവധി മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിചരണരീതിയാണ് പാലിയേറ്റീവ് കെയർ അഥവാ സാന്ത്വന ചികിത്സ.

Palliative എന്ന വാക്കിന്റെ ഉത്ഭവം പാല്ലിയെർ(Palliere)എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്. ഇതിന്റെ അർത്ഥം മൂടുക അഥവാ മറയ്ക്കുക എന്നാണ്. രോഗിയുടെ പീഡാനുഭവം അല്ലെങ്കിൽ ദുരിതം കുറയ്ക്കുക എന്നതാണ് ഈ ചികിത്സാശാഖയുടെ കർത്തവ്യം. പാലിയേറ്റീവ് കെയർ എന്ന ശുശ്രൂഷ ശാഖയ്ക്ക് ഒൻപത് പ്രധാന ദൗത്യങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. (വേദനയിൽ നിന്നും മറ്റ് ദുരിതങ്ങളിൽ നിന്നും ആശ്വാസം നൽകുക, ജീവനെ വിലമതിക്കുകയും എന്നാൽ മരണത്തെ സ്വാഭാവിക പ്രക്രിയയായി കാണുകയും ചെയ്യുക, മരണം നീട്ടിവയ്‌ക്കുന്നതിനോ ത്വരിതപ്പെടുത്തുന്നതിനോ ശ്രമിക്കാതിരിക്കുക, രോഗ ശുശ്രൂഷയിൽ മാനസികവും ആത്മീകവുമായ വശങ്ങളെ സമന്വയിപ്പിക്കുക, മരണം വരെ രോഗിക്ക് ഊർജ്ജസ്വലമായ ജീവിതം നയിക്കാൻ വേണ്ട സഹായം ചെയ്ത് കൊടുക്കുക, രോഗിയുടെ ബന്ധുക്കൾക്ക് രോഗിയുടേയും അവരുടേയും അവസ്ഥകളോട് പൊരുത്തപ്പെടുന്നതിനു സഹായിക്കുക, രോഗിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങൾ നിറവേറ്റാൻ കൗൺസിലിങ് അടക്കമുള്ള സംയോജിത മാർഗങ്ങൾ അവലംബിക്കുക, അവരുടെ ജീവിത നിലവാരത്തെയും രോഗാവസ്ഥയെത്തന്നെയും മെച്ചപ്പെടുത്തുക,രോഗത്തിന്റെ തുടക്കത്തിൽതന്നെ കീമോതെറാപ്പി, റേഡിയേഷൻ, തുടങ്ങിയ രോഗശമന ഉപാധികൾ എന്നിവ ഉപയോഗപ്പെടുത്തി ക്ലേശപൂർണമായ രോഗാവസ്ഥ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക).

സാന്ത്വനം അറ്റുപോയ മഹാമാരി

മഹാമാരിക്കാലത്തെ പാലിയേറ്റീവ് കെയർ പരിചരണം ഏറെ പ്രാധാന്യവും പ്രശംസയും അർഹിക്കുന്നുണ്ട്. ക്വാറന്റീൻ കാലയളവിൽ ഏതാനും ദിവസത്തെ ഏകാന്തതയിൽ പലരും അനുഭവിച്ച വിഷമകതകളേക്കാൾ വലിയ വേദനകൾ അനുഭവിച്ച് ഉറ്റവരുടെയും ഉടയവരുടെയും പാലിയേറ്റീവ് വോളന്റിയർമാരുടെയും സ്വാന്തനവും സേവനവും ലഭിക്കാതെ മരണം പ്രതീക്ഷിച്ചു ദിനരാത്രങ്ങൾ തള്ളിനീക്കുന്ന ആയിരങ്ങൾ ചുറ്റുമുണ്ട്. നമ്മുടെ നാടിനെ മാത്രമല്ല മനുഷ്യരാശിയെ ഒന്നടക്കം ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരിയിൽ ഏറ്റവും കഷ്ടതയും ദുരിതവും അനുഭവിച്ചവരും മരണത്തിന് കീഴടങ്ങിയവരിൽ വലിയൊരു വിഭാഗവും പാലിയേറ്റീവ് രോഗികളായിരുന്നു എന്നത് സത്യമാണ്. കൊവിഡ് വ്യാപന ഭീതിമൂലം പല പാലിയേറ്റീവ് കെയർ സെന്ററുകളും അടച്ചിടേണ്ടി വന്നു. സന്നദ്ധ സംഘടനകളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും ഇടപെടലുകളാണ് കൊവിഡ് കാലത്തു പലരുടെയും ജീവൻ രക്ഷിച്ചത്. മുന്നൂറോളം പാലിയേറ്റീവ് കേന്ദ്രങ്ങൾ നിലവിലുള്ള കേരളം പാലിയേറ്റീവ് രംഗത്ത് ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.

സാന്ത്വനം എന്ന പുണ്യം

ഏതു മഹാമാരിക്കാലത്തും പാലിയേറ്റീവ് പരിചരണം നിലച്ചു പോകാതിരിക്കാനും ഈ രംഗത്തേക്ക് സമൂഹത്തെ കൂടുതൽ ആകർഷിക്കാനും ഒരു വീട്ടിൽ ഒരു വ്യക്തിയെങ്കിലും പരിചരണത്തിന് പരിശീലനം നേടാൻ തയ്യാറാകണം. സാന്ത്വന ചികിത്സയിൽ ഫലപ്രദമായ ആശയവിനിമയത്തിന് സുപ്രധാന പങ്കുണ്ട്. ഇത് പലപ്പോഴും മരുന്നിനേക്കാൾ രോഗിക്ക് ആശ്വാസം പകരുന്നു. നിരാശയിലേക്കും അപകർഷതാ ബോധത്തിലേക്കും സ്വയം വിമർശനത്തിലേക്കും വഴുതിവീഴുന്ന രോഗിയിൽ ചികിത്സകന്റെ ഹിതം അടിച്ചേല്‌പ്പിക്കുന്നതിലും ഉചിതം രോഗിക്ക് പറയാനുള്ളത് കേൾക്കുകയാണ്. രോഗിയെ ശ്രദ്ധയോടെ കേൾക്കുക, രോഗിയുടെ പ്രശ്നങ്ങൾ ലഘൂകരിച്ചു കാണാതിരിക്കുക, സ്വന്തം വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക, രോഗിയുടെ ചോദ്യങ്ങൾ അവഗണിക്കാതിരിക്കുക, നിറവേറ്റാനാകാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുക, പൊള്ളയായ ശുഭപ്രതീക്ഷകൾ രോഗിയിൽ കുത്തിനിറയ്ക്കാതിരിക്കുക, രോഗിയുടെ സ്വകാര്യതയെ മാനിക്കുക തുടങ്ങിയവ.

മരണം ജീവിതത്തിന്റെ സ്വാഭാവികമായ അന്ത്യമാണ് . എന്നാൽ പ്രിയപ്പെട്ടവർ മരിക്കുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. അതിനാൽ നാം മരണത്തെ നീട്ടിവയ്ക്കാൻ ശ്രമിക്കുന്നു. പലപ്പോഴും ഇത് മരിക്കുന്ന ആളിനും കുടുംബത്തിനും കൂടുതൽ ഭാരമായിത്തീരാറുണ്ട്. പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന് വിദഗ്ദ്ധ ഉപദേശം ലഭിച്ചാൽ മരുന്നിനും ചികിത്സയ്ക്കും ഓടി നടക്കുന്നതിനേക്കാൾ ഉചിതം മരണം ഉറപ്പായ ആളിന്റെ സമീപത്തിരുന്ന് അയാൾക്ക് സ്നേഹവും ശുശ്രൂഷയും പകർന്നു നൽകുന്നതാണ്. വേദനയെന്നാൽ അറിവിനെ പൊതിയുന്ന പുറംന്തോടിന്റെ തകർച്ചയാണെന്ന് കവി ഖലീൽ ജിബ്രാൻ പറയുന്നു. സ്വാന്തന ചികിത്സയുടെ തത്വശാസ്ത്രവും മറ്റൊന്നല്ല.

( ലേഖകൻ കുവൈറ്റിൽ നഴ്‌സാണ് . കേരളത്തിലെ പ്രധാന പാലിയേറ്റീവ് കെയർ പ്രസ്ഥാനമായ പാലിയം ഇന്ത്യയുടെ കീഴിൽ, വോളന്റീർ ട്രെയിനിങ്ങും, മറ്റ് കോഴ്‌സുകളും പാസായിട്ടുണ്ട്).