petrol

തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിച്ച് പെട്രോൾ, ഡീസൽ വിലകൾ ഇന്നും കൂടി. ഇന്ന് 37 പൈസ വർദ്ധിച്ചതോടെ ഡീസൽ വിലയും സെഞ്ച്വറിയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയാണ്. പെട്രോളിന് ഇന്ന് 30 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 105 രൂപ 78 പൈസയായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് 97 രൂപ 20 പൈസയായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയ കാരണം പറഞ്ഞാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത്. മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവില കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

അന്താരാഷ്ട്രാ വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കൂട്ടുന്ന എണ്ണക്കമ്പനികൾ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ വില കുറയ്ക്കാൻ തയ്യാറാവുന്നില്ല. വിലകുറയ്ക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാരും തയ്യാറാവുന്നില്ല. പെട്രോൾ, ഡീസൽ വിലകൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം പറയുന്നതല്ലാതെ അതിനുള്ള ശക്തമായ നടപടികളും ഉണ്ടാവുന്നില്ല. വരുമാന നഷ്ടം ഉണ്ടാവുമെന്ന് പറഞ്ഞ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും പെട്രോൾ, ഡീസൽ വിലകൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുകയാണ്. ജി എസ് ടിയിൽ ഉൾപ്പെടുത്തിയ പാചകവാതകത്തിന്റെ വില അടിക്കടി കൂടുന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.