gauri-khan-birthday

മുംബയ്: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 51ാം പിറന്നാളാണിന്ന്. ഷാരൂഖിന്റെ വീടായ മന്നത്ത് അണിഞ്ഞൊരുങ്ങുന്ന ദിവസം. എന്നാൽ പതിവിന് വിപരീതമായി ഇന്ന് മന്നത്തിൽ ആഘോഷങ്ങളൊന്നുമില്ല. മകൻ ആര്യൻ ഖാന്റെ ജാമ്യത്തിനായുള്ള കാത്തിരിപ്പിലാണ് ഷാരൂഖിന്റെ കുടുംബം. ലഹരി മരുന്നു കേസിൽ അറസ്റ്റിലായ ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് 12.30 കോടതി പരിഗണിക്കും.

ഒക്ടോബർ രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസിൽ എൻ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കോർഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പതിന്നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യനിപ്പോൾ.

എന്നാൽ ലഹരി മരുന്നു കേസ് എൻ സി ബി കെട്ടിച്ചമതാണെന്ന വാദമുന്നയിച്ച് എൻ സി പി മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. ആര്യൻ ഖാനെയും അർബാസ് മെ‌ർച്ചന്റിനെയും എൻ സി ബി പിടികൂടുന്നതിനിടെ അകമ്പടിയുണ്ടായിരുന്നത് ബി ജെ പിയുടെ ഉയ‌ർന്ന പദവികൾ വഹിക്കുന്ന രണ്ടുപേരായിരുന്നു എന്നാണ് എൻ സി പി ആരോപിച്ചത്. എന്നാൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസുമായ് ബന്ധപ്പെട്ട സാക്ഷികൾ ധാരാളമുണ്ടെന്നും വാങ്കടെയ്ക്കൊപ്പം എൻ സി ബി ഡെപ്യൂട്ടി ഡയക്ടർ ജനറൽ ഗ്യാനേഷ്വർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിരവധി ബോളിവുഡ് താരങ്ങൾ ആര്യൻ ഖാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൽമാൻ ഖാൻ, സുനിൽ ഷെട്ടി, ഹൻസൽ മേത്ത, പൂജ ഭട്ട്, ഹ‌ൃതിക് റോഷൻ, മുൻ ഭാര്യ സൂസൻ ഖാൻ തുടങ്ങിയവ‌ർ ആര്യൻ ഖാന് പരസ്യ പിന്തുണ അറിയിച്ചു.