ന്യൂഡൽഹി: ഫോർഡ് ഇന്ത്യ വിട്ടതോടെ ഗുജറാത്തിലും ചെന്നൈയിലുമുള്ള അവരുടെ നിർമാണ യൂണിറ്റുകൾ അനാഥമായി കിടക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫോർഡിന്റെ നിർമാണ യൂണിറ്റുകൾ ഏറ്റെടുക്കുന്നതിന് വേണ്ടി ടാറ്റ ശ്രമം തുടങ്ങിയിരിക്കുകയാണ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ടാണ് ടാറ്റയുമായി ചർച്ചകൾ നടത്തുന്നത്. ചർച്ചകൾ പ്രാരംഭഘട്ടത്തിൽ മാത്രമാണെങ്കിലും സംഭവം നടന്നാൽ അന്താരാഷ്ട്ര വാഹന കമ്പനിയായ ഫോർഡുമായി ടാറ്റ നടത്തുന്ന മൂന്നാമത്തെ കച്ചവടമായിരിക്കുമിത്. നേരത്തെ ഫോർഡിന്റെ പക്കലുണ്ടായിരുന്ന ജഗ്വാർ, ലാൻഡ് റോവർ മോഡലുകൾ ടാറ്റ സ്വന്തമാക്കിയിരുന്നു.
ഈയിടെ ടാറ്റ തങ്ങളുടെ പാസഞ്ചർ വാഹന ശ്രേണിയെ 9420 കോടി രൂപ വിലമതിക്കുന്ന വ്യത്യസ്ത ബിസിനസ് സ്ഥാപനമായി രൂപീകരിച്ചിരുന്നു. ഈ മാറ്റത്തിനു ശേഷം നടത്തുന്ന ചർച്ചകൾ ആയതിനാൽ തന്നെ ഈ നീക്കം ഇന്ത്യയിലെ പാസഞ്ചർ കാർ വിപണിയെ വളരെ വലിയ രീതിയിൽ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്.
നിലവിൽ ടാറ്റയ്ക്ക് ഇന്ത്യയിൽ തന്നെ മൂന്ന് നിർമാണ യൂണിറ്റുകളുണ്ട്. അതിൽ ഒന്ന് ഫിയറ്റുമായി ചേർന്നാണ് നടത്തുന്നത്. തമിഴ്നാട്ടിലേയും ഗുജറാത്തിലേയും ഫോർഡിന്റെ യൂണിറ്റുകൾ കൂടി സ്വന്തമാക്കുന്നതോടെ ടാറ്റയ്ക്ക് ഇന്ത്യൻ വാഹനവിപണിയിൽ വലിയൊരു മേൽക്കൈ സ്വന്തമാകും. ടാറ്റ വാഹനങ്ങൾക്ക് ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ജനപ്രീതി മുതലാക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വാഹനങ്ങൾ വിപണിയിലെത്തിക്കാനും ഈയൊരു കച്ചവടത്തിലൂടെ ടാറ്റയ്ക്ക് സാധിക്കും. മാത്രമല്ല ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ടാറ്റയ്ക്ക് ഈ രണ്ട് യൂണിറ്റുകൾ ഭാവിയിൽ വലിയൊരു മുതൽക്കൂട്ടാകും.