ksrtc

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ബസ് സ്റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. കെ എസ് ആർ ടി സി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റിനുള്ള സാദ്ധ്യത പരിശോധിക്കുകയാണെന്നും ബെവ്‌കോയുമായി ചർച്ച തുടരുന്നുവെന്നും മന്ത്രി രേഖാ മൂലം നിയമസഭയെ അറിയിക്കുകയായിരുന്നു.

ഡിപ്പോകളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നടപടിയിൽ നിന്ന് അധികൃതർ പിന്നാക്കം പോയ അവസ്ഥയിലായിരുന്നു.ഔട്ട്‌ലെറ്റുകൾ തുടങ്ങാനുളള നടപടിയെ മണ്ടൻ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. കെ എസ് ആർ ടി സിക്ക് ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിനാണ് ഒഴിഞ്ഞ സ്ഥലങ്ങളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള നീക്കമെന്നാണ് അധികൃതർ പറയുന്നത്. കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ ബെവ്‌കോ തുറക്കാൻ ലക്ഷ്യമിടുന്നത് ക്യൂ ഇല്ലാത്ത മദ്യ വിൽപ്പനശാലകളും സൂപ്പർ മാർക്കറ്റുകളുമായിരുന്നു.

അതേസമയം, സംസ്ഥാനത്തെ ബിവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ ഇന്നുമുതൽ മാറ്റം വന്നു. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം.