ഷാർജ: ഇന്നലെ പഞ്ചാബ് കിംഗ്സിന് എതിരായ ഐ പി എൽ മത്സരത്തിനുശേഷം ചെന്നൈ സൂപ്പർ കിംഗ്സിന്റെ പേസർ ദീപക് ചഹാർ തന്റെ കാമുകി ജയാ ഭരദ്വാജിനോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. ആദ്യമൊന്ന് പകച്ചു പോയ ജയ ഭരദ്വാജ് പിന്നീട് സമ്മതം മൂളിയതോടെ ചുറ്റും കൂടി നിന്ന ചെന്നൈ താരങ്ങളും ആരാധകരും കൈയടിയോടെ പ്രണയജോടികളുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. ലീഗ് ഘട്ടത്തിലെ ചെന്നൈയുടെ അവസാന മത്സരമായിരുന്നു ഇന്നലെ പഞ്ചാബിനെതിരെ നടന്നത്. അതിൽ ചെന്നൈ ആറു വിക്കറ്റിന്റെ കനത്ത തോൽവിയും വഴങ്ങിയിരുന്നു.
മത്സരം തോറ്റത് കൊണ്ട് തന്നെ ദീപക്കിന് കാമുകിയോട് ഇന്നലെ വിവാഹാഭ്യർത്ഥന നടത്താൻ താത്പര്യമുണ്ടായിരുന്നില്ലെന്ന് ദീപക്കിന്റെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐ പി എൽ തുടങ്ങുന്നതിനു മുമ്പ് തന്നെ ദീപക് വിവാഹാഭ്യർത്ഥന നടത്തണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നെങ്കിലും പ്ളേഓഫ് മത്സരങ്ങളുടെ ഇടയിൽ നടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ ധോണിയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ചെന്നൈ ക്യാപ്ടൻ തന്നെയാണ് ദീപക്കിനെ നിർബന്ധിച്ച് വിവാഹാഭ്യർത്ഥന നടത്താൻ പറഞ്ഞയച്ചതെന്ന് താരത്തിന്റെ അച്ഛൻ സൂചിപ്പിച്ചു.
ഇരുവരുടേയും പ്രണയബന്ധത്തെകുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഷാർജയിൽ നിന്നും ദീപക്ക് മടങ്ങിയെത്തിയതിനു ശേഷം മാത്രമേ ഇരുവരുടേയും വിവാഹതീയതി നിശ്ചയിക്കുകയുള്ളുവെന്നും അച്ഛൻ മാദ്ധ്യമങ്ങളെ അറിയിച്ചു.