മുംബയ്: ടെർമിനൽ രണ്ടിലുണ്ടായ പ്രശ്നങ്ങളുടെ ഫലമായി മുംബയ് എയർപോർട്ടിൽ നിന്നും വെള്ളിയാഴ്ച് രാവിലെയുള്ള ഒട്ടുമിക്ക ആഭ്യന്തര ഫ്ളൈറ്റുകളും കാലതാമസം നേരിട്ടു. ഇതിന്റെ ഫലമായി ബോർഡിംഗ് ഗേറ്റിലേക്കെത്താൻ യാത്രക്കാർക്ക് നീണ്ട വരികളിൽ നിൽക്കേണ്ടതായി വന്നു.
വാരാന്ത്യവും ഉത്സവ സീസണും മൂലമുണ്ടായ തിരക്ക് കാരണം ടെർമിനലിൽ പര്യാപ്തമായ ക്രമീകരണങ്ങൾ ഒരുക്കാൻ സാധിക്കാതിരുന്നത് ഏറെ യാത്രക്കാർക്ക് ഫ്ളൈറ്റ് നഷ്ടമാകുന്നതിന് കാരണമായി. രാവിലെ ആറുമണിക്ക് മുൻപ് ഷെഡ്യൂൾ ചെയ്ത ഗോവ, ഹൈദരാബാദ് നാഗ്പൂർ എന്നിവിടങ്ങളിലേക്കുളള എയർ ഇന്ത്യ വിമാനം, കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ്, ഉദയ്പൂർ, കൊൽക്കട്ട എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്കുമാത്രമാണ് കൃത്യ സമയത്ത് യാത്ര നടത്താനായത്. മറ്റുള്ളവയ്ക്ക് ഒരു മണിക്കൂറോളം കാലതാമസം നേരിട്ടു. വാരാന്ത്യങ്ങളിൽ പൊതുവെ തിരക്കുകൾ നേരിടാറുണ്ടെങ്കിലും കൊവിഡ് കാലത്ത് ആദ്യമായാണ് ഇത്രയും തിരക്കുണ്ടായതെന്ന് എയർലൈൻ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
അക്ഷരാർഥത്തിൽ നമ്മളിപ്പോൾ ഇരുണ്ട യുഗത്തിൽ ജീവിക്കുകയാണെന്ന് തോന്നിപ്പോകുന്നു. തിരക്കിനിടയിൽ അരഞ്ഞുപോകുന്ന യാത്രക്കാർ, തകരുന്ന യന്ത്രങ്ങൾ, എവിടെയും പ്രശ്നങ്ങൾ യാത്രക്കാരനായ വിശാൽ ദദ്ലാനി ട്വിറ്ററിൽ കുറിച്ചു.
ഉത്സവ സീസണെ വരവേൽക്കാൻ ഒക്ടോബർ20 മുതൽ ടെർമിനൽ ഒന്ന് വീണ്ടും തുറക്കാൻ മുംബയ് എയർപോർട്ട് തീരുമാനിച്ചു. ഒക്ടോബർ20 മുതൽ മുംബയ് എയർപോർട്ടിലെ ടെർമിനൽ ഒന്നിൽ നിന്നും ഗോ ഫസ്റ്റ്, സ്റ്റാർ ഏഷ്യ, എയർ ഏഷ്യ ഇന്ത്യ, ട്രൂ ജെറ്റ് എന്നിവ മാത്രമാണ് യാത്ര നടത്തുന്നത്. എന്നാലിത് ടെർമിനൽ രണ്ടിൽ നിന്നും ബുക്ക് ചെയ്ത യാത്രക്കാർക്ക് സഹായകമാകില്ല. ഒക്ടോബർ 31 ഓടെ ടെർമിനൽ ഒന്നിൽ നിന്നും രാജ്യത്തിന്റെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ ചില ഫ്ളൈറ്റുകളുടെ സേവനം ലഭ്യമാക്കുന്നതിലൂടെ നവംബർ മുതൽ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ടെർമിനൽ രണ്ടിൽ നിന്നാകും ഇൻഡിഗോയുടെ കൂടുതൽ ഫ്ളൈറ്റുകളും യാത്ര തിരിക്കുന്നത്. ടെർമിനൽ ഒന്നിൽ നിന്നും ഏകദേശം156 ഫ്ളൈറ്റുകൾക്ക് സർവീസ് നടത്താനാകും. ടെർമിനൽ രണ്ടിൽ 396 ഫ്ളൈറ്റുകളും സർവീസ് നടത്തും.