supreme-court

ന്യൂഡൽഹി: ലഖിംപൂർ സംഘർഷം സംബന്ധിച്ച കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ കഠിനമായി വിമർശിച്ച് സുപ്രീം കോടതി. നാലു കർഷകർ മരിക്കാനിടയായ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്രയേറെ ഗുരുതരമായ കേസിൽ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് കോടതി ചോദിച്ചു. ലഖിംപൂരിൽ നടന്നത് ക്രൂരമായ കൊലപാതകമാണെന്നും എന്നാൽ സർക്കാരിന്റെ നടപടികൾ വാക്കുകളിൽ മാത്രം ഒതുങ്ങുകയാണെന്നും കോടതി വിമർശിച്ചു.

ലഖിംപൂരില്‍ പൊലീസ് വെടിവയ്പ് നടന്നിട്ടില്ലെന്നും വേണമെങ്കിൽ സി ബി ഐ അന്വേഷണം ആകാമെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ കേസിൽ ഉൾപ്പെട്ട വ്യക്തികളെ നോക്കുമ്പോൾ സി ബി ഐ അന്വേഷണം കൊണ്ടും കാര്യമില്ലെന്നും മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കേണ്ടി വരുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ കേസ് പൂജ അവധിക്ക് ശേഷം പരിഗണിക്കുമെന്നും അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് ആവർത്തിച്ച കേന്ദ്രമന്ത്രി അജയ് മിശ്ര, അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും കോടതിയില്‍ പറഞ്ഞു.

ഇന്നലെ കേന്ദ്ര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരെയാണ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഉത്തർപ്രദേശ് പൊലീസ് ആശിഷിന് സമൻസും അയച്ചു.

ലഖിംപൂർ സംഘർഷത്തിൽ ആരൊക്കെ മരിച്ചു, എഫ്‌ ഐ ആറിൽ ആരുടെയൊക്കെ പേരുകളുണ്ട്, എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ലഖിംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാൽപര്യ ഹർജി സംബന്ധിച്ചും സുപ്രീം കോടതി വിവരങ്ങൾ തേടിയിരുന്നു. സുപ്രീം കോടതിയുടെ ഈ ആവശ്യത്തിനു തൊട്ടുപിന്നാലെയാണ് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.