ലോകമെമ്പാടും ഒക്ടോബർ മാസം സ്‌തനാർബുദ ബോധവത്കരണ മാസമായി ആചരിച്ച് വരികയാണ്. സ്‌തനാർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുകയും അതുവഴി പ്രാരംഭഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിനും രോഗികൾക്ക് ശരിയായ ചികിത്സയും പരിചരണവും ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ബോധവത്കരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. 'പിങ്ക് റിബൺ' സ്‌തനാർബുദ രോഗ ചിഹ്നമായി കണക്കാക്കുകയും ചെയ്യുന്നു.
സ്‌തനാർബുദ രോഗത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന കാര്യത്തിൽ ഇപ്പോഴും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ആരംഭത്തിലെയുള്ള രോഗ നിർണ്ണയം കാൻസർ ചികിത്സയിലെ നാഴികക്കല്ലാണ്. ഇങ്ങനെ പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കുന്ന കാൻസറുകൾ വേഗത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നു.
സ്‌തനാർബുദ രോഗ നിർണ്ണയം പല രീതിയിൽ സാദ്ധ്യമാണ്. സ്വയം പരിശോധന വഴിയും മാമ്മോഗ്രാം, ബയോപ്‌സി എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു. 40 വയസ് കഴിഞ്ഞ എല്ലാ സ്‌ത്രീകളും വർഷത്തിൽ ഒരിക്കൽ മാമ്മോഗ്രാം ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.
സ്‌തനാർബുദം മാത്രമല്ല, ഏതുതരം കാൻസർ രോഗത്തിനും ആരോഗ്യകരമായ ഭക്ഷണശീലം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും എല്ലാ കാൻസർ പ്രതിരോധത്തിനും ചികിത്സയ്‌ക്കും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കാൻസർ കേസുകളിൽ 30 മുതൽ 35 ശതമാനത്തിനും കാരണം ശരിയായ ഭക്ഷണരീതി സ്വീകരിക്കാത്തത് കൊണ്ടാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. എന്നാൽ, ഒരു പ്രത്യേക ഭക്ഷണം മാത്രമായി കാൻസറിന് കാരണമാകുന്നില്ല. മറിച്ച്, ജീവിതരീതികളും സാഹചര്യങ്ങളും കാൻസർ ബാധയെ സ്വാധീനിക്കുന്നു.
പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, മാനസികാരോഗ്യം, പാരമ്പര്യം എന്നിവ ഉദാഹരണമായി പറയാം.
കാൻസർ പ്രതിരോധത്തിന് പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ധാന്യങ്ങൾ എന്നിവ ധാരാളവും എന്നാൽ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവിലുമുള്ള ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഉത്തമം. ഒപ്പം ചിട്ടയായ വ്യായാമവും അനിവാര്യമാണ്.
എന്തുകൊണ്ട്
പഴവും പച്ചക്കറിയും
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കാൻസറിനെതിരെ പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി എന്നിവയിലെ ആന്റിഓക്‌സിഡന്റ്സിന്റെ കാൻസർ പ്രതിരോധ ശേഷി പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. ഓറഞ്ച്, മുസമ്പി, നാരങ്ങ, തക്കാളി, പേരയ്‌ക്ക എന്നിങ്ങനെ വൈറ്റമിൻ സി കൊണ്ട് സമ്പുഷ്‌ടമായ പഴങ്ങൾക്ക് കാൻസർ പ്രതിരോധത്തിന് കഴിവുള്ളവയാണ്. ചുരുക്കത്തിൽ എല്ലാ നിറങ്ങളിലുമുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ 'റെയിൻബോ ഡയറ്റ് ' ആണ് കാൻസർ പ്രതിരോധത്തിനും ചികിത്സാ കാലത്തും ഉത്തമം.
പാചകത്തിലും
വേണം, ശ്രദ്ധ
കൊഴുപ്പ്, പ്രിസർവേറ്റീവ്സ്, അജിനോമോട്ടോ എന്നിവയുടെ അമിത ഉപയോഗം ശരീരത്തിലെ ഹോർമോണുകളുടെ അമിത ഉത്പാദനത്തിന് കാരണമാകുന്നു. കൂടാതെ വറുത്തതും പൊരിച്ചതുമായ നോൺ വെജ് ഭക്ഷണവും മൃഗക്കൊഴുപ്പും രാസവസ്‌തുക്കളും അടങ്ങിയ ബേക്കറി പലഹാരങ്ങളും പലതരം കളേഴ്സും അഡിറ്റീവ്സും ചേർന്ന പാക്കറ്റ് ഫുഡുകൾ എന്നിവയൊക്കെ കാൻസറിനെ ക്ഷണിച്ച് വരുത്തുന്നവയാണ്. മാംസാഹാരം, റെഡ് മീറ്റ് എന്നിവയുടെ അമിതോപയോഗം കുടൽ കാൻസറിന് കാരണമായേക്കാം.
പ്രതിരോധത്തിന്
സസ്യാഹാരം
കാൻസർ പ്രതിരോധത്തിന് എപ്പോഴും മുൻതൂക്കം നൽകുന്ന ഭക്ഷണം സസ്യാഹാരം തന്നെയാണ്. കാരണം, സസ്യാഹാരത്തിൽ മാത്രം കാണപ്പെടുന്ന നാരുകൾ, കുടലിൽ നിന്ന് ആഹാരമാലിന്യങ്ങളെ വേഗത്തിൽ ശരീരത്തിൽ നിന്ന് പുറത്ത് തള്ളാൻ സഹായിക്കുന്നു. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ കാരണം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സസ്യാഹാരം സഹായിക്കുന്നു. കാൻസർ പ്രതിരോധത്തിനായി ഭക്ഷണരീതിയിലും ജീവിതരീതിയിലും ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കാൻ...
റെയിൻബോ ഡയറ്റ് ശീലമാക്കുക.
പഞ്ചസാര, ഉപ്പ്, റെഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ്സ് എന്നിവ മിതമായി മാത്രം ഉപയോഗിക്കുക.
മദ്യപാനം, പുകവലി, മറ്റ് ദുശ്ശീലങ്ങൾ ഒഴിവാക്കുക.
ദിവസവും അരമണിക്കൂർ വ്യായാമം പതിവാക്കി ശരീരഭാരം നിയന്ത്റിക്കുക.
ഒരു ഡോക്‌ടറെ കണ്ട് കാൻസർ രോഗ നിർണ്ണയത്തിന് ആവശ്യമായ പരിശോധനകൾ സ്വീകരിക്കുക.
സ്ത്രീകളിൽ 40 വയസ് കഴിഞ്ഞവർ, ആർത്തവ വിരാമം എത്തിയവർ, കാൻസർ രോഗ പാരമ്പര്യമുള്ളവർ, അമിത വണ്ണമുള്ളവർ കൃത്യമായ പരിശോധനകളും മമ്മോഗ്രാം പാപ്സ്‌മിയർ പോലുള്ള ടെസ്റ്റുകളും നടത്തുക.
പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനിയുടെ അംശം, വിനാഗിരി അല്ലെങ്കിൽ പുളിവെള്ളം ഉപയോഗിച്ച് നിർവീര്യമാക്കിയതിന് ശേഷം ഉപയോഗിക്കുക.
അനു മാത്യു
ഡയറ്റീഷ്യൻ
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം