raveena-aryan

മുംബയ്: മയക്കുമരുന്ന് കേസിൽ എൻ സി ബി പിടികൂടിയ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡ് താരം രവീണ ടണ്ടൻ. ചിലരുടെ നാണംകെട്ട രാഷ്ട്രീയ കളികൾ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണെന്ന് രവീണ തന്റെ ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിൽ ആരുടേയും പേര് പറയുന്നില്ലെങ്കിലും ആര്യൻ ഖാനെ തന്നെയാണ് രവീണ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.

Shameful politics being played out.. it’s a young mans life and future they toying with … heartbreaking .

— Raveena Tandon (@TandonRaveena) October 7, 2021

നേരത്തെ ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുൻ ഭാര്യയും ഫാഷൻ ഡിസൈനറുമായ സൂസൈൻ ഖാൻ അടക്കമുള്ള പ്രമുഖർ ആര്യൻ ഖാന് പിന്തുണയുമായി എത്തിയിരുന്നു. സൽമാൻ ഖാൻ, ദീപികാ പദുകോൺ, കാജോൾ തുടങ്ങിയ താരങ്ങളും ഷാരൂഖ് ഖാന്റെ മുംബയിലെ വീടായ മന്നത്ത് സന്ദർശിച്ചിരുന്നു.

അതേസമയം ആര്യൻ ഖാന സമർപ്പിച്ച് ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് എന്നിവരടക്കം എട്ടുപ്രതികളെ മുംബയ് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക എൻ ഡി പി എസ് കോടതിയിലായിരിക്കും ഇനി തുടർവാദം. ആര്യൻഖാനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന എൻ സി ബി ആവശ്യം കോടതി തള്ളി. അറസ്റ്റിലായവരിലൊരാൾ ആര്യന് ലഹരിമരുന്ന് നൽകിയിരുന്നതായും അതിനാൽ ജാമ്യം നൽകരുതെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നും എൻ സി ബി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എട്ടുപ്രതികളെയും 11 വരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി. കേസിൽ ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എൻ സി ബി അറിയിച്ചു. മുംബയിൽനിന്നു ഗോവയിലേക്ക് സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ എൻ സി ബിയുടെ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്.