തിരുവനന്തപുരം: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളിൽ വർദ്ധനയുണ്ടായെന്ന് കണക്കുകൾ. 2020 ആഗസ്റ്റ് മുതൽ ഈ വർഷം ആഗസ്‌റ്റ് വരെ 86 ശൈശവ വിവാഹങ്ങളാണ് കേരളത്തിൽ നടന്നതെന്ന് വനിതാ ശിശുവികസന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷത്തെ ആദ്യ എട്ട് മാസത്തിനിടെ 45 ശൈശവ വിവാഹങ്ങളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേസമയം 41 ആയിരുന്നു വിവാഹങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടന്നത് വയനാട് ജില്ലയിലായിരുന്നു. ആദിവാസി, ഗ്രോ സമൂഹങ്ങളിലെ സംസ്‌കാരവും ജീവിതരീതിയുമാണ് വിവാഹങ്ങളുടെ എണ്ണം ഉയരാൻ ഇടയാക്കിയതെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷം 27 ശൈശവ വിവാഹങ്ങൾ നടന്നപ്പോൾ ഇത്തവണ അത് 36 ആയിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പത്തിന് താഴെ ശൈശവ വിവാഹങ്ങളും നടന്നു. എറണാകുളത്ത് രണ്ട് ശൈശവ വിവാഹങ്ങളാണ് നടന്നത്. ഇത് രണ്ടും കുടിയേറ്റക്കാർക്കിടയിലാണ്. വിവാഹങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ വച്ചാണ് നടന്നതെങ്കിലും ഇവരുടെ കുടുംബം എറണാകുളത്താണ് സ്ഥിരതാമസം. എന്നാൽ, വിവാഹം നടന്നത് തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ്. വിവാഹത്തിന് ശേഷം ഇവർ എറണാകുളത്ത് മടങ്ങി എത്തിയപ്പോൾ മാത്രമാണ് അധികൃതർ ഇതേക്കുറിച്ച് അറിഞ്ഞത്.
കാരണമായി
കൊവിഡും
ശൈശവ വിവാഹങ്ങൾ വർദ്ധിക്കാൻ ഒരുപരിധി വരെ കൊവിഡും കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊവിഡ് വ്യാപന കാലമായതിനാൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിവാഹത്തിനുള്ള ചെലവ് കുറയ്‌ക്കാനാകുമെന്നതും കുടുംബങ്ങളെ ഇതിന് പ്രേരിപ്പിച്ചു. കുട്ടികൾ ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നതിനാൽ തന്നെ വിവാഹം കഴിപ്പിക്കുന്നതാണ് നല്ലതെന്ന ചിന്തയും ഇവർക്കിടിയിൽ ഉടലെടുത്തിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 2000 രൂപാ വീതം സർക്കാർ നൽകുന്നുണ്ട്. മലപ്പുറത്ത് ഇത്തരത്തിൽ സഹായം ലഭിക്കുന്ന 160 ഗുണഭോക്താക്കളുണ്ട്. കുട്ടിയുടെ അച്ഛൻ മരിക്കുകയോ അല്ലെങ്കിൽ മദ്യപാനിയോ അതുമല്ലെങ്കിൽ കുടുംബത്തെ ഉപേക്ഷിച്ചതോ ആയിരിക്കും. ഭൂരിഭാഗം കേസുകളിലും അമ്മ വളരെ ചെറുപ്പത്തിലേ വിവാഹിതയാവുകയും അതിനാൽ തന്നെ ഉന്നത വിദ്യാഭ്യാസം നേടാനാകാതെ പോയതോ ആയിരിക്കുമെന്ന സവിശേഷതയുംഉണ്ട്. മതിയായ വിദ്യാഭ്യാസം ഇല്ലാത്തതിനാൽ തന്നെ സ്ത്രീകൾക്ക് ഒരു ജോലി ലഭിക്കാൻ വലിയ തടസങ്ങൾ ഉണ്ടായിരുന്നു. ഇതിനൊപ്പം പുരുഷകേന്ദ്രീകൃത സംവിധാന (പാട്രിയാർക്കി) വും ഒരു കാരണമാണ്.
രക്ഷിച്ചത് 279 കുട്ടികളെ
2019 മുതൽ 2021 മാർച്ച് വരെ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് തടഞ്ഞത് 279 ശൈശവ വിവാഹങ്ങളാണ്. ആകെ 340 പരാതി ലഭിച്ചു. 18വയസ് പൂർത്തിയാകും മുമ്പ് വിവാഹം നടത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. വയനാട്, പാലക്കാട് എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ശൈശവ വിവാഹം ഇല്ലാതാക്കാൻ നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ 22,373 ബോധവൽക്കരണ പരിപാടികൾ രണ്ട് വർഷം കൊണ്ട് സംഘടിപ്പിച്ചു. ഇതിനു പുറമെ ജില്ലാ ശിശുവികസന പദ്ധതി ഓഫീസർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ നിയോഗിച്ച് ശൈവ വിവാഹം തടയാനുള്ള ഇടപെടലുകളും നടത്തിവരുന്നുണ്ട്.
കഠിനതടവും പിഴയും
രണ്ട് വർഷം കഠിനതടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ശൈശവ വിവാഹം. ആരെങ്കിലും ശൈശവ വിവാഹം നടത്തുകയോ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താലും സമാനമാണ് ശിക്ഷ. ശൈശവ വിവാഹം തടയാൻ 'പൊൻവാക്ക്' എന്ന പേരിൽ പദ്ധതിയും നടപ്പാക്കുന്നുണ്ട്. വിവാഹ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികം നൽകും. വിവരങ്ങൾ നൽകുന്ന ആളിന്റെ പേരും മറ്റ് വിവരങ്ങളും പൂർണമായും രഹസ്യമായി സൂക്ഷിക്കും. രഹസ്യ സ്വഭാവം നിലനിറുത്തിയായിരിക്കും പാരിതോഷികം കൈമാറുക. ജില്ലാ വനിതാ ശിശു വികസന ഓഫീസർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
2019- 21 വരെ തടഞ്ഞ ശൈശവ വിവാഹങ്ങൾ
(ജില്ല, പരാതി, തടഞ്ഞത് എന്ന ക്രമത്തിൽ
തിരുവനന്തപുരം: 15, 11
കൊല്ലം: 3,3
പത്തനംതിട്ട: 1, 0
ആലപ്പുഴ: 8, 7
കോട്ടയം: 1,0
ഇടുക്കി: 25, 20
എറണാകുളം: 3,1
തൃശൂർ: 13, 14
പാലക്കാട്: 54, 49
മലപ്പുറം: 98, 84
കോഴിക്കോട്: 11, 9
വയനാട്: 60, 33
കണ്ണൂർ: 36, 36
കാസർകോട്: 12, 12