iran

ടെഹ്‌റാൻ: ഇറാനും താലിബാൻ ആശയങ്ങളോട് ചങ്ങാത്തം കൂടിത്തുടങ്ങി. രാജ്യത്തെ പുതിയ ടി വി സെൻസർഷിപ്പ് നിയമം പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. പുതിയ നിമയം ഏറക്കുറെ മുഴുവനായും സ്ത്രീകൾക്ക് എതിരായുള്ളതാണ്. സ്ത്രീകളെ പരസ്യത്തിനുപയോഗിക്കുന്നത് വിലക്കുന്ന രീതിയിലുള്ളതാണ് പുതിയ നിയമം. സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ചിത്രീകരിക്കാൻ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. നേരത്തേ ചിത്രീകരിച്ച ഇത്തരം രംഗങ്ങൾ ടെലിവിഷനിലും സീരിയലുകളിലും സിനിമകളിലും കാണിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ചാൽ ലൈസൻസ് പിൻവലിക്കുന്നതുൾപ്പടെയുള്ള കർശന ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. സാൻഡ്‌വിച്ചുകൾ കഴിക്കുന്ന രംഗങ്ങൾക്കും നിരോധനമുണ്ട്.

പുരുഷൻ സ്ത്രീകൾക്ക് ചായകൊടുക്കുന്ന രംഗങ്ങൾ കാണിക്കുന്നതിനും വിലക്കുണ്ട്. പരസ്യത്തിലോ സിനിമയിലോ സാഹചര്യത്തിന് അത്യാന്താപേക്ഷിതമാണെങ്കിൽപ്പോലും ഇത്തരം രംഗം കാണിക്കരുതെന്നാണ് കർശന നിർദ്ദേശം. ഏറെ വിചിത്രമായ മറ്റൊരു ഉത്തരവും പുതിയ സെൻസർഷിപ്പ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ ചുവപ്പുനിറത്തിലുള്ള പാനീയങ്ങൾ ( അത് എന്തുതന്നെ ആയാലും ) കുടിക്കുന്നത് ഷൂട്ടുചെയ്യുന്നതിന് വിലക്കുണ്ട്. സ്ത്രീകൾ ലെതർ ഗ്ലൗസ് ധരിക്കുന്നതിനും വിലക്കുണ്ട്. ഇക്കാര്യം ഉറപ്പാക്കണമെന്ന് നാടക പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്ത്രീകളെയും പുരുഷന്മാരെയും ചിത്രീകരിക്കുന്ന എല്ലാ രംഗങ്ങളും ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് അധികൃതരെ കാണിച്ച് അംഗീകാരം നേടിയിരിക്കണം. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ പ്രതീക്ഷിക്കേണ്ട. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് വ്യക്തമാക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. കടുത്ത ശിക്ഷ ഭയന്ന് ആരും ചോദ്യം ചെയ്യാനും തയ്യാറാവുന്നില്ല. പുതിയ നിയമം നിലവിൽ വന്നതോടെ വെബ്‌സൈറ്റുകൾ ഉൾപ്പടെയുള്ളവ സ്വയം സെൻസറിംഗ് ഏർപ്പെടുത്തിത്തുടങ്ങി.

ഇറാന്റെ അയൽരാജ്യമായ അഫ്ഗാനിൽ ഭരണം നടത്തുന്ന താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ സ്ത്രീകൾ പുറത്തിറങ്ങുന്നതുപോലും കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീട്ടിനുളളിൽ നിന്ന് സ്ത്രീകളുടെ ശബ്ദം കേൾക്കുന്നത് പൊറുക്കാനാവാത്ത കുറ്റങ്ങളുടെ ഗണത്തിലാണ് കൂട്ടിയിരിക്കുന്നത്.