ടൊവിനോ തോമസ് നായകനാകുന്ന വാശി നവംബർ 15ന് തുടങ്ങും
തെന്നിന്ത്യ മുഴുവൻ കീർത്തി സുരേഷിന്റെ കീർത്തി പടരുകയാണ്. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം നേടിയതോടെയാണ് കീർത്തിയുടെ താരമൂല്യം കുതിച്ചുയർന്നത്.
സിനിമയിലെന്നപോലെ പരസ്യചിത്രങ്ങളിലും കീർത്തിയുടെ 'ബ്രാൻഡ് വാല്യു" ഉയരേക്ക് തന്നെ.
തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഒരുപിടി മികച്ച പ്രോജക്ടുകളുണ്ട് കീർത്തിക്ക്.
തമിഴിൽ രജനികാന്തിനോടൊപ്പം അണ്ണാത്തെയും മലയാളത്തിൽ മോഹൻലാലിനോടൊപ്പമഭിനയിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹവുമാണ് റിലീസാകാനുള്ളത്. തെലുങ്കിൽ ചിരഞ്ജീവിയോടൊപ്പമഭിനയിക്കുന്ന ഭോലാശങ്കർ പൂർത്തിയായിക്കഴിഞ്ഞു. തമിഴ് ചിത്രമായ വേതാളത്തിന്റെ ഈ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയുടെ അനുജത്തി വേഷമാണ് കീർത്തിക്ക്.
തെലുങ്കിലെ യുവ സൂപ്പർതാരം മഹേഷ് ബാബുവിന്റെ നായികയായി സർക്കാരുവാരി പേട്ട എന്ന തെലുങ്ക് ചിത്രത്തിലാണ് കീർത്തി ഇപ്പോഴഭിനയിക്കുന്നത്.
സ്പെയിനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. നായകൻ മഹേഷ്ബാബു ഒരുമാസത്തോളം കുടുംബത്തോടൊപ്പം യൂറോപ്യൻ രാജ്യങ്ങളിലുണ്ട്.
ബുധനാഴ്ച രാത്രിയാണ് കീർത്തി സുരേഷ് സ്പെയിനിലെത്തിയത്. ബാർസലോണയിലും സ്പെയിനിലെ നയനമനോഹരമായ മറ്റ് ലൊക്കേഷനുകളിലും ചിത്രത്തിലെ ഗാനങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കും.
പരശുറാം പെട്ല സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ എന്റർടെയ്നറിൽ മഹേഷ്ബാബു അവതരിപ്പിക്കുന്ന തന്റെ കോർപ്പറേറ്റ് ബോസിനെ പ്രണയിക്കുന്ന നാടൻ തെലുങ്ക് പെൺകുട്ടിയുടെ വേഷമാണ് കീർത്തി സുരേഷിന്.
മൈത്രി മൂവീ മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ദുബായിലാണ് ചിത്രീകരിച്ചത്. നവംബർ പകുതിയോടെ തെലുങ്ക്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി കീർത്തി സുരേഷ് തലസ്ഥാനത്തേക്ക് തിരിച്ചെത്തും.തിരുവനന്തപുരത്ത് നവംബർ പതിനഞ്ചിനാണ് ടൊവിനോ തോമസ് നായകനാകുന്ന വാശിയുടെ ചിത്രീകരണമാരംഭിക്കുന്നത്.
നവാഗതനായ വിഷ്ണു ജി. രാഘവാണ് വാശിയുടെ സംവിധായകൻ. ദുൽഖർ സൽമാൻ നായകനായ തീവ്രം ഉൾപ്പെടെയുള്ള ചില ചിത്രങ്ങളിൽ വിഷ്ണു അഭിനയിച്ചിട്ടുണ്ട്. തീവ്രത്തിൽ സഹസംവിധായകനായിരുന്നു ടൊവിനോ തോമസ്.വാശി നിർമ്മിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറിൽ കീർത്തിയുടെ പിതാവായ ജി. സുരേഷ് കുമാറാണ്. മേനക സുരേഷും രേവതി സുരേഷുമാണ് കോ-പ്രൊഡ്യൂസർമാർ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: നിതിൻ മോഹൻ.
ജാനിസ് ചാക്കോ സൈമണിന്റേതാണ് വാശിയുടെ കഥ. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസർ: കെ. രാധാകൃഷ്ണൻ, സംഗീതം: കൈലാസ് മേനോൻ, പ്രോജക്ട് ഡിസൈനർ: എൻ.എം. ബാദുഷ, കലാസംവിധാനം: മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം: ദിവ്യ ജോർജ്, ഗാനങ്ങൾ: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: പി.വി. ശങ്കർ.
ഉർവശി തിയേറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ് വാശി പ്രദർശനത്തിനെത്തിക്കുന്നത്.