oil-and-health-issues

കൊളസ്ട്രോൾ രോഗികൾ, അമിത വണ്ണമുള്ളവർ, തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ, ഹൃദ്രോഗികൾ പ്രമേഹ രോഗികൾ എന്നിവർ ആദ്യം ചെയ്യുന്നതും ചെയ്യാൻ ഉപദേശിക്കപ്പെടുന്നതും എണ്ണയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഇത്തരക്കാർ അമിത ഉപയോഗം കുറയ്ക്കുക തന്നെ വേണം. എന്നാൽ ഒരു തുളളി പോലും ഭക്ഷണത്തിൽ ഉൾപെടുത്തരുതെന്നും കുറഞ്ഞ അളവ് ആയാൽ കൂടി തടി കൂടാൻ ഇടയാക്കുമെന്നും വിശ്വസിക്കുന്നവരാണ് ഏറെപേരും. എണ്ണയുടെ ഉപയോഗം എത്രമാത്രം ആകാമെന്ന് തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഭക്ഷണത്തിൽ നിന്നും കൊഴുപ്പ് ഒഴിവാക്കുന്നതിലുടെ തടി കുറയ്ക്കാനാകുമെന്നതും ആരോഗ്യം നിലനിർത്താനാകുമെന്നതും വെറും മിഥ്യാധാരണയാണ്. നമ്മുടെ ഭക്ഷണത്തിൽ നിന്നും കൊഴുപ്പ് പൂർണമായി ഒഴിവാക്കുന്നതിന് മുൻപ് ഏതെല്ലാം തരം കൊഴുപ്പുകളാണ് ഉള്ളതെന്ന് നാം അറിഞ്ഞിരിക്കണം.

ബട്ടർ, മാർഗറൈൻ പോലുള്ളവയെ പൂരിത കൊഴുപ്പുകളെന്ന് വിളിക്കുന്നു. ഇവ ശരീരത്തിന് ഹാനികരമാണെന്ന് മാത്രമല്ല കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനും അമിത വണ്ണത്തിനും കാരണവമാകുന്നു. നെയ്യ് പൂരിത കൊഴുപ്പാണെങ്കിലും മിതമായ ഉപയോഗം ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

എന്നാൽ വെളിച്ചെണ്ണ, നാടൻ നെയ്യ്, കടുകെണ്ണ, ഒലിവ് എണ്ണ എന്നിവ സസ്യ എണ്ണയെ അപേക്ഷിച്ച് ആരോഗ്യകരമാണ്. ഡീപ്പ് ഫ്രൈയെക്കാൾ ആവി കയറ്റുന്നതും, ബേക്ക് ചെയ്യുന്നതും, തിളപ്പിക്കുന്നതുമാണ് ഏറ്റവും ഉചിതം. സൺ ഫ്ളവ‌ർ ഓയിൽ, സാഫ്ളോവ‌ർ, സീഡ് ഓയിൽ തുടങ്ങിയ ശുദ്ധീകരിച്ച സസ്യ എണ്ണകൾ ആരോഗ്യത്തിന് ഹാനികരമാണ്. ഇവ ധാരാളം രാസ പ്രക്രിയകൾക്ക് വിധേയമാകുന്നുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ അനിവാര്യമാണ്. എ, ഡി, ഇ, കെ വിറ്റാമിനുകൾ ആരോഗ്യകരമായ കൊഴുപ്പുകളുടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്.