reserv-bank

കൊച്ചി: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവീസസ്) വഴി പ്രതിദിനം അയയ്ക്കാവുന്ന തുകയുടെ പരിധി റിസർവ് ബാങ്ക് രണ്ടുലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തി. അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരും ബാങ്കിന്റെ മൊബൈൽ ആപ്പും ഉപയോഗിച്ച് തത്സമയം ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറാവുന്ന സൗകര്യമാണ് ഐ.എം.പി.എസ്.

സുരക്ഷിതവും ലളിതവുമായി കുറഞ്ഞചെലവിൽ പണമിടപാട് നടത്താവുന്ന ഐ.എം.പി.എസ് ഇപ്പോൾ ദിവസവും 24 മണിക്കൂറും ലഭ്യവുമാണ്. കഴിഞ്ഞ ആഗസ്‌റ്റിൽ മാത്രം 38 കോടി ഐ.എം.പി.എസ് ഇടപാടുകൾ രാജ്യത്ത് നടന്നു. 3.18 ലക്ഷം കോടി രൂപയാണ് മൂല്യം.

മാറാതെ പലിശനിരക്കുകൾ

തുടർച്ചയായ എട്ടാം ധനനയ നിർണയ യോഗത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും. ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശനിരക്കിൽ തത്കാലം മാറ്റമുണ്ടാവില്ല. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും മാറ്റമില്ലാതെ തുടരും.