trail

ബെർലിൻ: രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾക്ക് വേണ്ടി പ്രവർത്തിച്ചെന്ന ആരോപണത്തിൽ ജർമ്മനിയിൽ വിചാരണ നേരിട്ട് നൂറ് വയസ്സുകാരൻ. ആയിരങ്ങളെ കൊന്നൊടുക്കിയ സച്ചെൻഹൗസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ പ്രവർത്തിച്ച് കൊലപാതകത്തിന് കൂട്ടുനിന്നു എന്നതാണ് ജോസഫ് ഷുട്സിന്റെ മേലുള്ള കുറ്റം. ഇതുമായി ബന്ധപ്പെട്ട 3,518 കേസുകളിൽ പ്രതിയായ ഇയാളുടെ വിചാരണ ന്യൂറുപ്പിൻ സ്റ്റേറ്റ് കോടതിയിലായിരുന്നു നടന്നിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ കോടതി നടപടികൾ ബ്രാൻഡൻബർഗിലെ ജയിൽ സ്‌പോർട്‌സ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രായാധിക്യമുണ്ടെങ്കിലും വിചാരണ നേരിടാൻ പ്രതി പ്രാപ്തനാണെന്നാണ് അധികാരികളുടെ വാദം. 1936-1945 കാലയളവിൽ രണ്ട് ലക്ഷത്തിലധികം ആളുകളായിരുന്നു സച്ചെൻഹൗസനിൽ ഉണ്ടായിരുന്നത്. പട്ടിണി, രോഗങ്ങൾ, അടിമവേല തുടങ്ങിയ കരണങ്ങളാൽ നിരവധി ആളുകൾ ഇവിടെ മരണപ്പെട്ടിരുന്നു.1942-1945 കാലഘട്ടങ്ങളിൽ സച്ചെൻഹൗസനിൽ നാസി പാർട്ടിയുടെ പാർലമെന്ററി വിഭാഗത്തിലെ അംഗമായിരുന്നു ജോസഫ്. ക്യാമ്പിലെ അന്തേവാസികളിൽ മരുന്ന് പരീക്ഷണങ്ങളും ശസ്ത്രക്രിയകളും മറ്റും നടത്തിയിരുന്നു. ഇക്കലയളവിൽ എത്ര പേർ മരിച്ചെന്ന കൃത്യമായ കണക്കുകൾ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഏകദേശം 40,000 മുതൽ 50,000 പേർ വരെ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. .