നേഷൻസ് ലീഗിൽ ബൽജിയത്തെ കീഴടക്കി ഫ്രാൻസ് ഫൈനലിൽ
ടൂറിൻ :നേഷൻ ലീഗ് സെമിയിൽ കരുത്തരായ ബൽജിയത്തിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഗംഭീരവിജയത്തോടെ ഫൈനലിന് ടിക്കറ്റെടുത്തു. ഇറ്റാലിയൻ ക്ലബ് യുവന്റിസിന്റെ തട്ടകത്തിൽ ആദ്യ പകുതിയിൽ യാനിസ് കരാസ്കോയും റൊമേലു ലുക്കാക്കുവും നേടിയ ഗോളുകളുടെ പിൻബലത്തിൽ ബൽജിയം മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ഫ്രഞ്ച് പട കരിം ബെൻസേമയും എംബാപ്പെയും അവസാന നിമിഷം തിയോ ഹെർണാണ്ടസും നേടിയ ഗോളുകളുടെ മികവിൽ അവിശ്വസനീയ വിജയംസ്വന്തമാക്കുകയായിരുന്നു.
37-ാം മിനിട്ടിൽ കരാസ്കോ ബൽജിയത്തിന് ലീഡ് സമ്മാനിച്ചു.മൂന്ന് മിനിട്ടിനകം ഡിബ്രൂയിനെയുടെ പാസിൽ നിന്ന് തകർപ്പൻ ഫിനിഷിലൂടെ ലുക്കാക്കു ബൽജിയത്തിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 63-ാം മിനിട്ടിൽ എംബാപ്പെയുടെ പാസിൽ നിന്ന് ബെൻസേമ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടി. 69-ാംമിനിട്ടിൽ ഗ്രീസ്മാനെ ടൈലെമെൻസ് വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത എംബാപ്പെ പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കി ഫ്രാൻസിനെ ഒപ്പമെത്തിച്ചു.
90-ാംമിനിട്ടിൽ തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ വലകുലുക്കി ഹെർണാണ്ടസ് ഫ്രാൻസിന് ഗംഭീര ജയം സമ്മാനിക്കുകയായിരുന്നു.