rbi

കൊച്ചി: പ്രതീക്ഷിച്ചതുപോലെ തുടർച്ചയായ എട്ടാംതവണയും ധനനയ നിർണയ സമിതി (എം.പി.സി) മുഖ്യ പലിശനിരക്കുകൾ നിലനിറുത്തി. റിപ്പോനിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും. സമ്പദ്‌വളർച്ചയ്ക്ക് പിന്തുണയേകുന്ന 'അക്കൊമൊഡേറ്റീവ്" നിലപാടും തുടരും.

ആഗസ്‌റ്റിലെ യോഗത്തിന് സമാനമായി ഇന്നലെയും ആറംഗ എം.പി.സിയിലെ സ്വതന്ത്ര അംഗവും മലയാളിയുമായ ജയന്ത് ആർ. വർമ്മ ഇതിനോട് വിയോ‌ജിച്ചു. നിരക്കുകൾ എക്കാലത്തെയും താഴ്‌ചയിൽ ഇനി നിലനിറുത്തേണ്ടെന്നും 'ഉദാരനയം" മാറ്റാൻ സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കൊമഡേറ്റീവായി തുടരുന്നത്, നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള റിസർവ് ബാങ്കിന്റെ കഴിവില്ലായ്‌മയായി വ്യാഖാനിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയെന്നാണ് സൂചന.

എന്നാൽ, കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് വളർച്ചാനിരക്ക് തിരിച്ചെത്തുംവരെ നിലവിലെ നിലപാട് തുടരേണ്ടതുണ്ടെന്ന് എം.പി.സി അദ്ധ്യക്ഷനും റിസർവ് ബാങ്ക് ഗവർണറുമായ ശക്തികാന്ത ദാസ് പറഞ്ഞു. എം.പി.സിയിലെ മറ്റുള്ളവരും ഇതിനോട് യോജിച്ചു. 2020 മേയ് 22നാണ് റിസർവ് ബാങ്ക് ഇതിനുമുമ്പ് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിച്ചത്.

ഇന്റർനെറ്റ് ഇല്ലെങ്കിലും

ഡിജിറ്റൽ പേമെന്റ്

ഇന്റർനെറ്റ് ഇല്ലെങ്കിലും ഡിജിറ്റൽ പേമെന്റുകൾ സാദ്ധ്യമാക്കുന്ന സൗകര്യം ഉടൻ നടപ്പാക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇന്റർനെറ്റ് വേഗം കുറഞ്ഞതും ഇന്റർനെറ്റ് ലഭ്യമല്ലാത്തതുമായ മേഖലകളിലുള്ളവർക്ക് ഇതു ഗുണം ചെയ്യും.

ഇന്ത്യ വളരും 9.5%

നടപ്പുവർഷത്തെ ജി.ഡി.പി വളർച്ചാപ്രതീക്ഷ റിസർവ് ബാങ്ക് 9.5 ശതമാനത്തിൽ നിലനിറുത്തി. വളർച്ചാപ്രതീക്ഷ ജൂലായ്-സെപ്‌തംബറിലേത് 7.3ൽ നിന്ന് 7.9 ശതമാനത്തിലേക്കും ഒക്‌ടോബർ-ഡിസംബറിലേത് 6.3ൽ നിന്ന് 6.8 ശതമാനത്തിലേക്കും ഉയർത്തി. 6.1 ശതമാനമാണ് ജനുവരി-മാർച്ചിൽ പ്രതീക്ഷ. 2022 ഏപ്രിൽ-ജൂണിൽ 17.2 ശതമാനം.

നാണയപ്പെരുപ്പം താഴേക്ക്

വരുംനാളുകളിൽ വിലക്കയറ്റം ശമിക്കുമെന്ന് സൂചിപ്പിച്ച് നാണയപ്പെരുപ്പ പ്രതീക്ഷാനിരക്ക് റിസർവ് ബാങ്ക് താഴ്‌ത്തി. നടപ്പുവർഷത്തെ പ്രതീക്ഷ 5.7 ശതമാനത്തിൽ നിന്ന് 5.3 ശതമാനത്തിലേക്ക് കുറച്ചു. ജൂലായ്-സെപ്‌തംബറിൽ 5.1 ശതമാനം, ഒക്‌ടോബർ-ഡിസംബറിൽ 4.5 ശതമാനം, ജനുവരി-മാർച്ചിൽ 5.8 ശതമാനം, അടുത്ത ഏപ്രിൽ-ജൂണിൽ 5.2 ശതമാനം എന്നിങ്ങനെ പ്രതീക്ഷിക്കുന്നു.

ചെറുകിട മേഖലയ്ക്ക് ആശ്വാസം

സ്മാൾ ഫിനാൻസ് ബാങ്കുകളിലൂടെ ചെറു ബിസിനസ് സംരംഭങ്ങൾ, എം.എസ്.എം.ഇ., അസംഘടിത മേഖലകൾ എന്നിവയ്ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ നൽകുന്ന പ്രത്യേക ലോംഗ് ടേം റിപ്പോ ഓപ്പറേഷൻസിന്റെ (എസ്.എൽ.ടി.ആർ.ഒ) കാലാവധി ഒക്‌ടോബർ 31ൽ നിന്ന് ഡിസംബർ 31ലേക്ക് നീട്ടി. നാലു ശതമാനം റിപ്പോ അടിസ്ഥാനമാക്കി 10,000 കോടി രൂപവരെ വായ്‌പയ്ക്കായി നീക്കിവയ്ക്കും. ഒരാൾക്ക് 10 ലക്ഷം രൂപവരെ വായ്‌പനേടാം.

 മുൻഗണനാ വിഭാഗത്തിൽ കാർഷികം, എം.എസ്.എം.ഇ., ഭവന നിർമ്മാണ മേഖലകൾക്ക് ബാങ്കുകളിൽ നിന്ന് എൻ.ബി.എഫ്.സികൾ വഴി വായ്‌പ നൽകാവുന്ന കാലാവധി സെപ്‌തംബർ 30ൽ നിന്ന് 2022 മാർച്ച് 31വരെയും നീട്ടി.

ജി-സാപ്പിന് ഫുൾസ്‌റ്റോപ്പ്

സർക്കാർ കടപ്പത്രങ്ങൾ വാങ്ങി പൊതുവിപണിയിൽ പണമൊഴുക്കുന്ന ജി-സാപ് നടപടി റിസർവ് ബാങ്ക് അവസാനിപ്പിച്ചു. വിപണിയിൽ ആവശ്യത്തിന് പണലഭ്യതയുണ്ടെന്ന് വിലയിരുത്തിയാണിത്. നടപ്പുവർഷം ആദ്യ ആറുമാസത്തിൽ 2.37 ലക്ഷം കോടി രൂപ ഇതുവഴി വിപണിയിലിറക്കിയിട്ടുണ്ട്.