ലണ്ടൻ: ചീഫ് ഡ്രാഗൺ അഥവാ പെൻഡ്രെയ്ഗ് ദിനോസറിന് കോഴിയുടെ വലിപ്പം മാത്രമെന്ന് റിപ്പോർട്ട്. ലൈവ് സയൻസിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഭീമാകാരനായിരിക്കും എന്ന നിഗമനത്തിലാണ് ചീഫ് ഡ്രാഗണനെന്ന പേര് നൽകിയത്. സൗത്ത് വെയിൽസിൽ നിന്ന് 1950കളിൽ ലഭിച്ച ഫോസിലുകളിലൂടെ തിരിച്ചറിഞ്ഞ പെൻഡ്രെയ്ഗ് ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രാചീനരായ മാംസഭോജി ദിനോസറാണ്. 21.5 കോടി കൊല്ലങ്ങൾക്കുമുമ്പാണ് ഇക്കൂട്ടർ ജീവിച്ചിരുന്നത്.നീളൻ വാലുള്ള ഒരു കോഴിയുടെ വലുപ്പമേ പെൻഡ്രെയ്ഗിനുള്ളൂവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വാലിന്റെ നീളമടക്കം പരമാവധി മൂന്നടിമാത്രം.
സൗത്ത് വെയിൽസിലെ ഒരു ഖനിയിൽ നിന്നാണ് പെൻഡ്രെയ്ഗിന്റെ നാല് ചെറിയ ഫോസിലുകൾ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അന്നുവരെ കണ്ടെത്താത്ത മറ്റൊരുതരം മാംസഭോജി ദിനോസറാണിവയെന്ന് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകർ കണ്ടെത്തി. വലുപ്പത്തിൽ വമ്പന്മാരായ ടി.റെക്സ് ദിനോസറുകളുടെ ബന്ധുക്കളായതിനാൽ ഇവയ്ക്കും വലിപ്പമുണ്ടാകുമെന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. അതുകൊണ്ടാണ് വെൽഷ് ഭാഷയിൽ ചീഫ് ഡ്രാഗൺ എന്നർത്ഥം വരുന്ന പെൻഡ്രെയ്ഗ് എന്ന് പേരിട്ടത്.