മുംബൈ കോടതി ആര്യൻ ഖാന് ജാമ്യം നിഷേധിച്ചതോടെ ആര്യന്റെ അമ്മയും സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരിഖാന്റെ അമ്പത്തിയൊന്നാം പിറന്നാൾ ഇന്നലെ കണ്ണീരിൽ മുങ്ങി. ആര്യന് ജാമ്യം ലഭിച്ചാൽ ഗൗരിയുടെ പിറന്നാൾ ആഘോഷമാക്കാൻ കാത്തിരുന്ന ഷാരൂഖ് കുടുംബത്തിനും സുഹൃത്തുക്കൾക്കും കോടതി വിധി നിരാശ പകർന്നു. അതിനിടെ ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളെ വിമർശിച്ച് നടി കങ്കണ റനൗട്ട് രംഗത്ത് വന്നു. ആര്യനെ പിന്തുണച്ച് ഹൃതിക് റോഷൻ ഉൾപ്പെടയുള്ളവർ തുറന്ന പ്രതികരണം നടത്തിയതിനു പിന്നാലെയാണ് ഖാൻ ത്രയത്തിന്റെ പ്രധാന എതിരാളിയായ കങ്കണ്ണയുടെ പരസ്യ വിമർശനം.
'എല്ലാ മാഫിയസംഘങ്ങളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റ് ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വത്കരിക്കരുത്. ഓരോരുത്തരുടെയും കർമ്മങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്താണെന്ന് തിരിച്ചറിയാൻ ഈ നടപടി ആര്യനെ സഹായിക്കട്ടെ. കുറച്ചുകൂടി നല്ല വ്യക്തിയായി പരിണമിക്കാൻ ആര്യന് സാധിക്കട്ടെ. ദുർബലനായ ഒരാളെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കരുത്. എന്നാൽ അവർ ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പിന്തുണ നൽകുന്നത് കുറ്റകരമാണെന്നും കങ്കണ കുറിച്ചു ഹൃതിക് റോഷനെ കൂടാതെ സൽമാൻ ഖാൻ, സുനിൽ ഷെട്ടി, സൂസനെ ഖാൻ എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.
ഗൗരിഖാന്റെ അൻപത്തിയൊന്നാം പിറന്നാൾ ദിനമായ ഇന്നലെ മകൾ സുഹാന 90കളിലെ അച്ഛന്റെയുംഅമ്മയുടെയും പ്രണയ ചിത്രത്തിനൊപ്പം ജന്മദിനാശംസ പങ്കുവച്ചു. ഖാൻ കുടുംബം ഏറെ വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് അമ്മയ്ക്ക് പിറന്നാൾ ആശംസ മകൾ നേർന്നത്.
ലഹരി മരുന്ന് കേസിൽ ഞായറാഴ്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻഖാനെ അറസ്റ്റ് ചെയ്തതിനുശേഷം കുടുംബത്തിൽ നിന്ന് ആരും പ്രതികരണങ്ങളുമായി രംഗത്ത് എത്തിയില്ല. സുഹാനയുടെ പിറന്നാൾ സന്ദേശത്തിനു താഴെയും ആര്യനെക്കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. ഖാൻ കുടുംബത്തിന് പിന്തുണ അർപ്പിച്ചുള്ള കമന്റുകളാണ് അധികവും. ആഡംബര കപ്പലിലെ റേവ് പാർട്ടിക്കിടെ എൻ.സി.ബി നടത്തിയ റെയ്ഡിലാണ് ആര്യൻഖാൻ അറസ്റ്റിലായത്. കപ്പലിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതായി ഉദ്യേഗസ്ഥർ ആരോപിച്ചതിനെത്തുടർന്ന് അറസ്റ്റിലായ മറ്റ് ഏഴുപേർക്കൊപ്പം ആര്യനെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.