ഖത്തറിലെ പ്രവാസി മലയാളി ഗോപകുമാർ. ജി. നായർ നിർമ്മിച്ച് ഔട്ട് ഒഫ് സിലബസ്, ഡോക്ടർ - പേഷ്യന്റ്, അപ്പവും വീഞ്ഞും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വിശ്വൻ രചനയും സംവിധാനവും നിർവഹിച്ച ഡോഗ് ബ്രദേഴ്സ് കാൻ ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് ഫസ്റ്റ് ടൈം ഫിലിം മേക്കർ ഷോർട്ട് വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഖത്തർ ടെലിവിഷനിലെ സീനിയർ കാമറാമാനാണ് നിർമ്മാതാവായ ഗോപകുമാർ ജി. നായർ, ഗ്രേറ്റ് എ.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഡോഗ് ബ്രദേഴ്സ് കൽക്കട്ട ഇന്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
തിരുവില്വാമലയിലെ ഒരുകൂട്ടം കുട്ടികളാണ് ഡോഗ് ബ്രദേഴ്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കഥയാണ് ഈ ഹ്രസ്വചിത്രത്തിനാധാരം. പ്രതാപൻ. കെ.എസ്, നാടൻപാട്ട് കലാകാരി വസന്ത പഴയന്നൂർ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രഹണവും ചിത്രസംയോജനവും വിജേഷ് കാപ്പാറ നിർവഹിച്ചിക്കുന്നു. സുനിൽകുമാർ. പി.കെ. യുടേതാണ് സംഗീതം.