മുംബയ്: മയക്കുമരുന്ന് കേസിൽ എൻ സി ബി പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതിനെ തുടർന്ന് ആര്യൻ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടി വരും.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് എന്നിവരടക്കം എട്ടുപ്രതികളെ മുംബയ് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രത്യേക എൻ ഡി പി എസ് കോടതിയിലായിരിക്കും ഇനി തുടർവാദം. ആര്യൻഖാനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന എൻ സി ബി ആവശ്യം കോടതി തള്ളുകയും ചെയ്തു. അറസ്റ്റിലായവരിലൊരാൾ ആര്യന് ലഹരിമരുന്ന് നൽകിയിരുന്നതായും അതിനാൽ ജാമ്യം നൽകരുതെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നും എൻ സി ബി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എട്ടുപ്രതികളെയും 11 വരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി. കേസിൽ ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എൻ സി ബി അറിയിച്ചു. മുംബയിൽനിന്നു ഗോവയിലേക്ക് സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ എൻ സി ബിയുടെ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്.