brazil

കാരക്കസ്: ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ ബ്രസീൽ വെനസ്വേലയ്ക്കെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി വിജയക്കുതിപ്പ് തുടർന്നപ്പോൾ അർജന്റീന പരാഗ്വെയോട് സമനിലയിൽകുരുങ്ങി.

വെനസ്വേലയുടെ തട്ടകമായ കാരക്കാസിൽ നടന്ന മത്സരത്തിൽ 70 മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അവസാന മുപ്പത് മിനുട്ടുകൾക്കിടെ മൂന്ന് ഗോളുകൾ എതിർ വലയിൽ എത്തിച്ച് ബ്രസീൽ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരങ്ങളായ നെയ്മറും കസേമിറോയും ഇല്ലാതിറങ്ങിയിട്ടും മിന്നുന്ന ജയം നേടാനായത് ബ്രസീലിയൻ ക്യാമ്പിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

11-ാം മിനിട്ടിൽ എറിക് റാമിറസിലൂടെ ബ്രസീലിനെ ഞെട്ടിച്ച് വെനസ്വേല ലീഡ് നേടി. ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ പാദത്തിലും വെനസ്വേല ഈ ലീഡ് നിലനിറുത്തി. 71-ാം മിനിട്ടിൽ മാർക്വീഞ്ഞോയിലൂടെയാണ് ബ്രസീൽ സമനില പിടിച്ചത്.
85-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഗാബി ഗോൾ ഗബ്രിയേൽ ബർബോസ ബ്രസീലിന് ലീഡ് സമ്മാനിക്കുകയായിരുന്നു.രണ്ടാം പകുതിയുടെ അധികസമയത്ത് ബ്രസീൽ ജേഴ്സിയിൽ കന്നി മത്സരത്തിനിറങ്ങിയ അയാക്സ് താരം ആന്റണിയും ലക്ഷ്യം കണ്ടതോടെ കാനറികൾ വിജയമുറപ്പിക്കുകയായിരുന്നു. ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ലീഡ്സ് താരം റഫീഞ്ഞയാണ് ആന്റണിയുടെ ഗോളിന് അസിസ്റ്ര് നൽകിയത്. കളിച്ച 9 മത്സരങ്ങളും ജയിച്ച ബ്രസീൽ 27 പോയിന്റുമായി മറ്ര് ടീമുകളെക്കാൾ ബഹുദൂരം മുന്നിലാണ്.വെനസ്വേല ഏറ്രവും അവസാന സ്ഥാനത്താണ്.

മറ്രൊരു മത്സരത്തിൽ പരാഗ്വെയോട് എവേ മത്സരത്തിൽ ഗോൾ രഹിത സമനിലയിലാണ് അർജന്റീന കുരുങ്ങിയത്.മെസിയും ഡി മരിയയും ഡി പോളുമെല്ലാം ഉൾപ്പെട്ട അർജന്റീന ബാൾ പൊസിഷനിലും പാസിംഗിലുമെല്ലാം ബഹുദൂരം മുന്നിലായിരുന്നെങ്കിലും പരാഗ്വെയൻ പ്രതിരോധ കോട്ട തകർത്ത് വലകുലുക്കാൻ കഴിയാതെ പോവുകയായിരുന്നു. കളിച്ച 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പരാഗ്വെ ആറാം സ്ഥാനത്താണ്.

മറ്ര് മത്സരങ്ങളിൽ ഇക്വഡോർ 3-0ത്തിന് ബൊളീവിയയേയും പെറു 2-0ത്തിന് ചിലിയേയും കീഴടക്കി. ഉറുഗ്വെയും കൊളംബിയയും ഗോൾ രഹിതസമനിലയിൽ പിരിഞ്ഞു.

ഫിക്സചർ

കൊളംബിയ -ബ്രസീൽ

(തിങ്കൾ പുലർച്ചെ 2.30 മുതൽ)

അർജന്റീന - ഉറുഗ്വെ

(തിങ്കൾ വെളുപ്പിന് 5 മുതൽ)