ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവും കഴിഞ്ഞ മൂന്നുവർഷക്കാലം കേന്ദ്ര ബഡ്‌ജറ്റ്, സാമ്പത്തിക സർവേ, സമ്പദ്‌പരിഷ്‌കാരങ്ങൾ എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഖ്യ ബുദ്ധികേന്ദ്രവുമായ കെ.വി. സുബ്രഹ്മണ്യൻ പടിയിറങ്ങി. പദവിയിൽ മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയാണിത്.
അദ്ധ്യാപന/ഗവേഷണ മേഖലയിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് കെ.വി. സുബ്രഹ്മണ്യൻ ട്വീറ്റ് ചെയ്‌തു. ഈ ദശാബ്‌ദം ഇന്ത്യയുടേതാണെന്നും കൊവിഡ് കാലത്ത് ഇത്രയധികം സമ്പദ്‌പരിഷ്‌കാരങ്ങൾ നടപ്പാക്കിയ രാജ്യം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.ഐ.എം കൊൽക്കത്തയിൽ നിന്ന് എം.ബി.എ., ഐ.ഐ.ടി കാൺപൂരിൽ നിന്ന് ഇലക്‌ട്രിക്കൽ എൻജിനിയറിംഗ് ബിരുദം, യൂണിവേഴ്‌സിറ്റി ഒഫ് ഷിക്കാഗോ ബൂത്ത് സ്‌കൂൾ ഒഫ് ബിസിനസിൽ നിന്ന്, റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജന്റെ മേൽനോട്ടത്തിൽ പി.എച്ച്.ഡി എന്നിവ നേടിയിട്ടുണ്ട്.
50കാരനായ സുബ്രഹ്മണ്യൻ, 2018 ഡിസംബർ ഏഴിനാണ് കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായത്. അതിന് മുമ്പ് ജെ.പി. മോർഗൻ ചേസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ് എന്നിവയിൽ ഉപദേഷ്‌ടാവായി പ്രവർത്തിച്ചു. അമേരിക്കയിലെ എമോറി (Emory) സർവകലാശാലയിൽ ഫാക്കൽട്ടിയായിരുന്നു.