വാഷിംഗ്ടൺ:ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 കോടി ( 237,676,275 ) കവിഞ്ഞു. മരണം (4,852,059) ആയി. ഇതുവരെ 214,760,484പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനവും മരണവും ഏറ്റവും കൂടുതൽ. എന്നാൽ, കൊവിഡ് വ്യാപനത്തിന് ഏറെക്കുറെ ശമനമുണ്ടായതോടെ മിക്ക രാജ്യങ്ങളും വിമാനസർവീസുകൾ പുനഃരാരംഭിക്കുകയും അതിർത്തികൾ തുറക്കുകയും ചെയ്തു. അതേസമയം, ലോകത്ത് ഇനിയും കൊവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് മിനിയാപൊളിസിലെ മിനസോട്ട സർവകലാശാലയിലെ സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ച് ആൻഡ് പോളിസി ഡയറക്ടറും യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനുമായ മൈക്കൽ ഓസ്റ്റർഹോം പറയുന്നത്. ഈ വർഷത്തെ ശരത്കാലത്തും ശൈത്യകാലത്തും കൊവിഡ് ബാധ ഉയരുമെന്നാണ് അദ്ദേഹം പറയുന്നത്.
അവസാനം എപ്പോൾ?
ആറുമാസത്തിനുള്ളിൽ മഹാമാരി അവസാനിക്കില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
ആഗോള ജനസംഖ്യയുടെ 90% മുതൽ 95% വരെ പ്രതിരോധ കുത്തിവയ്പിലൂടെയോ മുമ്പത്തെ അണുബാധയുടെ ഫലമായോ പ്രതിരോധശേഷി കൈവരിച്ചാൽ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന് വിദഗ്ദ്ധർ പറയുന്നു. വാക്സിനേഷൻ പ്രക്രിയ പൂർണമായാൽ മാത്രമേ കൊവിഡിനെ തടുക്കാനാകൂ എന്ന് ആരോഗ്യ വിദഗ്ദ്ധർ ഉറപ്പിച്ച് പറയുന്നു. കൊവിഡ് കേസുകൾ താരതമ്യേന കുറവായ ഡെന്മാർക്ക്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പഴയ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കൊവിഡ് വ്യാപനം ഏറെ കൂടുതലാണെങ്കിലും അമേരിക്കയും ബ്രിട്ടനും രാജ്യം പൂർണമായി തുറക്കുകയാണ്.