ബംഗളൂരു: പ്രണയത്തിൽ നിന്നും പിന്മാറണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത യുവാവിനെ കൊന്ന് തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിൽ തളളി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. സെപ്‌തംബർ 28ന് നടന്ന സംഭവത്തിൽ ശ്രീരാമസേന നേതാവും പെൺകുട്ടിയുടെ മാതാപിതാക്കളുമടക്കം പത്തുപേർ പിടിയിലായി.
അർബാസ് അഫ്‌താബ് മുല്ല (24)യെയാണ് ശ്രീരാമസേന നേതാവും ഹിന്ദുസ്ഥാൻ താലൂക്ക് പ്രസിഡന്റുമായ പുന്ദലീക എന്ന മഹാരാജ് കൊലപ്പെടുത്തിയത്. ഹിന്ദു മതാനുയായിയായ ശ്വേതയുമായി അർബാസ് പ്രണയബന്ധത്തിലായിരുന്നു. എന്നാൽ ശ്വേതയുടെ മാതാപിതാക്കൾക്ക് ഇത് ഇഷ്‌ടമായിരുന്നില്ല. ഇവർ അർബാസിനെ ഭീഷണിപ്പെടുത്തി. തുടർന്ന് ഖാൻപൂരിലേക്ക് ഇരുവരും താമസം മാറി. ഇതോടെ ശ്രീരാമസേന നേതാവായ പുന്ദലീകയ്‌ക്ക് പണം നൽകി യുവാവിനെ കൊലപ്പെടുത്താൻ ശ്വേതയുടെ പിതാവ് ഈരപ്പ കുമാർ, മാതാവ് സുശീല എന്നിവർ തീരുമാനിച്ചു.
തുടർന്ന് അർബാസിന്റെ മാതാവ് സ്ഥലത്തില്ലാത്ത തക്കത്തിന് ഇയാളെ വിളിച്ചുവരുത്തിയ പുന്ദലീക അർബാസിന്റെ കൈയിലെ പണം തട്ടിയെടുത്തശേഷം കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഉടൽ ഭാഗം റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു. സംഭവത്തിൽ അന്വേഷണം നടത്തിയ ബെലഗാവി പൊലീസ് ഇവരെയുൾപ്പടെ പത്തുപേരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.