കൊച്ചി: സംസ്ഥാനത്ത് മേക്ക് ഇന്ത്യ ഓർഗാനിക് എന്ന പേരിൽ ജൈവ കാർഷിക മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന എസ്.പി.സി ലിമിറ്റഡ്, രാസവള ലോബികളുടെ വ്യാജ പരാതികൾക്കും കുപ്രചരണങ്ങൾക്കുമെതിരെ കോടതിയിലേക്ക്. വരുംതലമുറയ്ക്ക് വിഷം കലരാത്ത ഭക്ഷണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തെയും ജൈവകാർഷിക സംരംഭങ്ങളെയും അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങൾ വ്യക്തമായ സാഹചര്യത്തിലാണ് നിയമ പോരാട്ടമെന്ന് കമ്പനി സി.ഇ.ഒ മിഥുൻ പറഞ്ഞു.
മറ്റെല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മേക്ക് ഇന്ത്യ ഓർഗാനിക് പദ്ധതിയിലൂടെ നാനൂറിലധികം പേർക്ക് നേരിട്ട് വരുമാനം ഉറപ്പാക്കാനും, ആയിരക്കണക്കിനു പേർക്ക് കമ്മിഷൻ വ്യവസ്ഥയിൽ ജോലി നൽകാനും സാധിച്ചതായി കമ്പനി സാക്ഷ്യപ്പെടുത്തുന്നു. എസ്.പി.സിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ധാരാളം പേർ ജൈവകൃഷിയിലേക്ക് തിരിഞ്ഞതോടെ, ഈ മുന്നേറ്റത്തിനെതിരെ രാസവള ലോബി തിരിയുകയായിരുന്നുവെന്നാണ് ആരോപണം.
ഇടുക്കി ജില്ലയിൽ 2013 ൽ ആരംഭിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ് എസ്.പി.സി (സ്പൈസസ് പ്രൊഡ്യൂസർ കമ്പനി). ജൈവകാർഷിക രീതികളിൽ ദീർഘകാല പഠനം നടത്തുകയും, ജൈവകൃഷി പ്രോത്സാഹനത്തിന് സംസ്ഥാനത്ത് ആദ്യമായി ജൈവ കാർഷിക സമിതി രൂപീകരിക്കുകയും ചെയ്ത കെ.വി.ദയാൽ ആണ് കമ്പനിയുടെ ചീഫ് അഡ്വൈസർ. ദയാലിന്റെ കണ്ടെത്തലുകളെ ഉത്പന്നങ്ങളാക്കി എസ്.പി.സി വിപണിയിലെത്തിക്കുകയായിരുന്നു. കാർഷികരംഗത്ത് മൂന്നു പതിറ്റാണ്ടിലധികം നീണ്ട ഗവേഷണങ്ങൾ നടത്തിയ ഡോ. ജോഷി വി. ചെറിയാൻ, ഡോ. അനിൽകുമാർ, ചെടികളുടെ വളർച്ചയ്ക്ക് ഹോമിയോ മരുന്നുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയ ഡോ. അബ്ദുൾ ലത്തീഫ് എന്നിവർ സ്ഥാപനത്തിന്റെ ആർ ആൻഡ് ഡി വിഭാഗത്തിലെത്തുകയും ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പുതിയ ഉത്പന്നങ്ങൾക്ക് എസ്.പി.സി രൂപം നൽകുകയും ചെയ്തതോടെ കമ്പനിയുടെ ജൈത്രയാത്രയ്ക്ക് തുടക്കമായി.
ജൈവ ഉത്പന്നങ്ങളും കൃഷിക്ക് ആവശ്യമായ സേവനങ്ങളും നൽകുന്നതിനായി പ്രവാസികളും ചെറുപ്പക്കാരും ഉൾപ്പെടെ നൂറുകണക്കിന് ചെറുകിട സംരംഭകരെ എസ്.പി.സി സൃഷ്ടിച്ചു. തുടർന്ന്, ഒരു പഞ്ചായത്തിൽ ഒരാൾക്ക് എന്ന നിലയിൽ ഡെപ്പോസിറ്റോ ഫീസോ ഈടാക്കാതെ അഞ്ചു ലക്ഷം രൂപയിലധികം മൂല്യമുള്ള ഉത്പന്നങ്ങൾ വില്പനയ്ക്കു ലഭ്യമാക്കി ഫ്രാഞ്ചൈസികൾ നല്കി.
2019 ലാണ് എസ്.പി.സി സ്വന്തം കാർഷിക ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചതെങ്കിലും, അതിനും രണ്ടു വർഷം മുമ്പുതന്നെ കമ്പനിയുടെ ഉത്പന്നങ്ങൾ കാരണം കൃഷിനാശം സംഭവിച്ചതായി ആരോപിച്ച് ചില കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു. കർഷക രക്ഷാ സമിതിയെന്ന പേരിൽ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ ദേവികുളം മുൻസിഫ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, സ്വാധീനങ്ങൾക്കു വഴങ്ങി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എസ്.പി.സി ഫ്രാഞ്ചൈസികൾ റെയ്ഡ് ചെയ്യുകയും, സ്റ്റോപ് മെമ്മോ നൽകുകയുമായിരുന്നുവെന്ന് കമ്പനി വിശദമാക്കുന്നു.
തുടർച്ചയായ രാസവള പ്രയോഗത്തിലൂടെ കൃഷിഭൂമിയുടെ ജൈവഘടനയിലുണ്ടാകുന്ന വ്യതിയാനം കാരണം രോഗകീടബാധ വർദ്ധിക്കുന്നതിന് പരിഹാരമാകുന്ന പി.എച്ച് ബൂസ്റ്റർ തുടങ്ങിയ ഉത്പന്നങ്ങൾക്കു പുറമേ, കേരളത്തിലെ മണ്ണിൽ മഗ്നീഷ്യം കുറവായതിന്റെ പോരായ്മ പരിഹരിക്കാൻ രാജസ്ഥാനിൽ നിന്ന് കൂടുതൽ മഗ്നീഷ്യം അടങ്ങിയ ഡോളോമൈറ്റ് എത്തിച്ച് ബയോഗ്രീൻ എന്ന പേരിൽ കർഷകർക്ക് വിതരണം ചെയ്യുന്ന പദ്ധതിയും എസ്.പി.സിയെ കൂടുതൽ ജനകീയമാക്കി. സോയിൽ അമെലിയോറന്റ് വിഭാഗത്തിലുള്ള ഇവയുടെ വിപണനത്തിന് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്നതു പോലും കണക്കിലെടുക്കാതെയായിരുന്നു ഫ്രാഞ്ചൈസികൾക്കുള്ള സ്റ്റോപ് മെമ്മോ എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
ജൈവകൃഷിയിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത വളർച്ചാ ത്വരകങ്ങളുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് പ്രത്യേക മാനദണ്ഡങ്ങൾ നിഷ്കർഷിച്ചത് കഴിഞ്ഞ ഫെബ്രുവരി 23-നാണ്. വിപണനവുമായി ബന്ധപ്പെട്ട ലൈസൻസിന് വിജ്ഞാപനം മുതൽ രണ്ടു വർഷത്തെ കാലാവധി അനുവദിക്കുകയും, പിന്നീട് പുതിയ ഭേദഗതി പ്രകാരം അപേക്ഷയ്ക്കുള്ള സമയം 2022 മാർച്ച് 31 വരെ നീട്ടുകയും ചെയ്തു. ഇതനുസരിച്ച് മേൽപ്പറഞ്ഞ ഉത്പന്നങ്ങൾക്ക് രണ്ടു വർഷം വരെ സ്വതന്ത്ര വില്പനയ്ക്ക് അനുമതിയുണ്ട്. ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെട്ട്, പത്തനംതിട്ട ജില്ലയിലെ ആറന്മുള കൃഷി ഓഫീസ് ഉൾപ്പെടെ ചിലയിടങ്ങളിൽ മാത്രം സ്റ്റോപ്പ് മെമ്മോ പിൻവലിച്ച് ഫ്രാഞ്ചൈസികൾ തുറക്കാൻ അനുവദിച്ചു.
ഉത്പന്നങ്ങളുടെ ഗുണനിലവാരം കൊണ്ടോ ജൈവകൃഷി മേഖലയിലെ സംഭാവനകളിലോ കമ്പനിയെ പിന്നിലാക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ ഗൂഢശക്തികളാണ് ആട്, മാഞ്ചിയം പോലുള്ള തട്ടിപ്പുകളുടെ ഭാഗമാക്കി കമ്പനിയെ ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നും, ഇതിനെതിരെയാണ് കമ്പനി നിയമ പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നും എസ്.പി.സി ചീഫ് അഡ്വൈസർ കെ.വി. ദയാൽ വിശദീകരിച്ചു.